
തെല്‍ അവീവ്: ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മന്ത്രി ഇസ്മയില്‍ ഖാതിബിനെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാതിബ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന്‍ ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, ബ്രിഗേഡിയര്‍ ജനറല്‍ ഘോലംറേസ സുലൈമാനി എന്നിവരെ വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജന്‍സ് മന്ത്രിയെയും കൊലപ്പെടുത്തിയതെന്ന് കാറ്റ്സ് പറഞ്ഞു. ഇറാന്റെ ഉന്നത നേതൃത്വത്തെ വേട്ടയാടാന്‍ പ്രധാനമന്ത്രി നെതന്യാഹുവും താനും സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളോട് ഇറാന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.