ഒന്നും മെനയാകുന്നില്ലല്ലോ മന്ത്രി വീണേ … പുലർച്ചെ നാലുമണിക്ക് ഒരു ‘അടിയന്തര’ ഡിസ്ചാർജ്; വീണാ ജോർജിന്റെ തിരക്കഥയിൽ തെളിയുന്ന കളളം

Jaihind News Bureau
Friday, February 27, 2026

കേരളത്തിന്റെ ആരോഗ്യ മേഖല ഭരിക്കുന്ന മന്ത്രി തന്നെ ഒരു പരിഹാസ്യമായ നാടകത്തിലെ കേന്ദ്ര കഥാപാത്രമായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കാണുന്നത്. ഒരു സാധാരണക്കാരൻ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയാൽ ഡിസ്ചാർജ് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഉച്ചയാകും. എന്നാൽ സി പി എം മന്ത്രിക്ക് മാത്രം സാധിക്കുന്നതാണ് പുലർച്ചെ നാലുമണിക്ക് ഐസിയുവിൽ നിന്ന് നേരിട്ട് ഡിസ്ചാർജ്!

മാധ്യമങ്ങളെ ഭയന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നോ മന്ത്രിയുടെ പുലർച്ചയുള്ള ഡിസ്ചാർജ് എന്ന് സംശയിക്കാതെ വയ്യ? അതോ തന്റെ പരിക്കിന്റെ ഗൗരവമില്ലായ്മ ലോകം അറിയാതിരിക്കാനുള്ള മുൻകരുതലായിരുന്നോ ? സാധാരണ നിലയിൽ കഴുത്ത് ഉളുക്കിയ രോഗികൾക്ക് വിശ്രമം ആവശ്യമുള്ള സമയത്ത്, ഇത്രയും തിരക്കിട്ട് ഡിസ്ചാർജ് വാങ്ങി 500 കിലോമീറ്ററോളം കാറിൽ സഞ്ചരിക്കുന്നത് ഏത് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ്? രോഗിയായ മന്ത്രിക്ക് വിമാനയാത്രയ്ക്ക് പണം അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണ്

മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത് ‘ദീർഘദൂര യാത്രകൾക്ക് മന്ത്രിയുടെ ആരോഗ്യം അനുവദിക്കുന്നില്ല’ എന്നായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം അതേ മന്ത്രി പൈസയിൽ നിന്ന് സ്വന്തം കാറിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു. ഇത് ഒന്നുകിൽ മെഡിക്കൽ ബുള്ളറ്റിൻ പച്ചക്കള്ളമായിരുന്നു എന്ന് തെളിയിക്കുന്നു, സ്ട്രെച്ചറിലും ഐസിയുവിലും കിടത്തിസിപിഎമ്മുകാരെ മുഴുവൻ പരിഭ്രാന്തിയിലാക്കിയ ഒരു പരിക്കിന്റെ അവസ്ഥയാണിതെന്ന് ഓർക്കണം.
ആശുപത്രിയിൽ കിടക്കുമ്പോഴും നഴ്സുമാരോടൊപ്പം ചിരിച്ചുകൊണ്ട് സെൽഫി എടുക്കുന്ന മന്ത്രിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഐസിയുവിൽ കഴിയുന്ന, കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഒരു രോഗിയുടെ ഭാവങ്ങളൊന്നും അവിടെ കണ്ടില്ല. മന്ത്രി ഭരിക്കുന്ന ആശുപത്രികളിലെ ചികിത്സാപിഴവിന്റ ഇരകൾ വർഷങ്ങളോളം വയറ്റിൽ കത്രികയുമായി വേദന തിന്നുമ്പോൾ തിരിഞ്ഞുനോക്കാത്ത മന്ത്രിയാണ് ഐസിയു സെൽഫി സ്പോട്ട് ആക്കുന്നത്

മന്ത്രിയുടെ തുടർ ചികിത്സയെക്കുറിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. സംസ്ഥാനത്തെ വലിയ മെഡിക്കൽ കോളേജുകളിൽ ഒന്നായ പരിയാരത്ത് ഒരു കഴുത്തുളുക്കിന് ചികിത്സ നൽകാനുള്ള സൗകര്യമില്ലേ? സ്വന്തം വകുപ്പിന് കീഴിലുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ വിശ്വാസമില്ലാത്ത മന്ത്രിയാണോ കേരളത്തിന്റെ ആരോഗ്യനിലവാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത്?

ഇത്രയും വലിയ കാപട്യം ഒരു മറയുമില്ലാതെ അരങ്ങേറുമ്പോൾ ഭരണകൂടം ഓർക്കേണ്ട ഒരു കാര്യമുണ്ട്: ജനങ്ങൾ എല്ലാം കാണുന്നുണ്ട്. സത്യം മൂടിവെക്കാൻ എത്ര പുലർച്ചെ വണ്ടി ഓടിച്ചാലും, ജനകീയ കോടതിയിൽ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും.