
തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ (eci.gov.in) പോര്‍ട്ടല്‍ വഴിയോ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ (ceo.kerala.gov.in) വെബ്‌സൈറ്റ് വഴിയോ വോട്ടര്‍മാര്‍ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടാതെ ബന്ധപ്പെട്ട ബിഎല്‍ഒമാര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാനുള്ള സൗകര്യവും ഇന്നുണ്ടാകും.
സാധാരണ വോട്ടര്‍മാരാകാന്‍ ഫോം 6-ഉം, പ്രവാസി വോട്ടര്‍മാരാകാന്‍ ഫോം 6എ-യുമാണ് അപേക്ഷയ്ക്കായി ഉപയോഗിക്കേണ്ടത്. ഇന്ന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഫെബ്രുവരി 21-ന് പുറത്തിറങ്ങുന്ന സമഗ്ര വോട്ടര്‍പട്ടികയുടെ (എസ്‌ഐആര്‍) അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അവസരമുണ്ടാകും. ഇതിനുശേഷം അപേക്ഷിക്കുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തുക. ഇതുവരെ 11 ലക്ഷത്തിലധികം പേരാണ് പേര് ചേര്‍ക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളത്.
അപേക്ഷകളിന്മേലുള്ള ഹിയറിങ്ങും രേഖാപരിശോധനയും ഫെബ്രുവരി 14 വരെ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2002-ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും പുതുതായി അപേക്ഷിച്ചവരും ഉള്‍പ്പെടെ ഏകദേശം 37 ലക്ഷത്തോളം പേരാണ് പരിശോധനയ്ക്കായി രേഖകള്‍ ഹാജരാക്കേണ്ടത്. കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷം അനര്‍ഹരായ നിരവധി പേരെ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കരട് പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9,868 പേരെ അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ഇതില്‍ 1,441 പേര്‍ എന്യൂമറേഷന്‍ കാലത്ത് മരിച്ചവരാണ്. 997 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരും 7,430 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണ്. നേരത്തെ എന്യൂമറേഷന്‍ ഫോമുകളില്‍ ബന്ധുക്കള്‍ ഒപ്പിട്ടുനല്‍കിയതിനാലാണ് ഇവരില്‍ പലരും കരട് പട്ടികയില്‍ കടന്നുകൂടിയതെന്നാണ് റിപ്പോര്‍ട്ട്.