
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കെപിസിസി ആസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ത്ഥനായോഗവും നടക്കും. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനലാണ് പരിപാടികള്‍ സംബന്ധിച്ച വിവരം അറിയിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഇവരെ കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരന്, എം.എം. ഹസന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരും പങ്കുചേരും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരും കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി നേതാക്കള്‍ തുടങ്ങിയവരും ആസ്ഥാനത്തെ ചടങ്ങുകളില്‍ സന്നിഹിതരായിരിക്കും. ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രസക്തിയും അഹിംസാ മന്ത്രവും ഉയര്‍ത്തിപ്പിടിക്കുന്ന സ്മരണാ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.