
ന്യൂഡല്‍ഹി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 59.25 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സെന്‍ട്രല്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതിയിലാണ് മണ്ഡലത്തിലെ സുപ്രധാന റോഡുകള്‍ ഇടംപിടിച്ചത്. ബെന്നി ബെഹനാന്‍ എം.പി.യുടെ നിരന്തരമായ ഇടപെടലുകളെത്തുടര്‍ന്നാണ് ഈ പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചത്.
തൃശ്ശൂര്‍ ജില്ലയിലെ അന്നമനട – പൂവത്തുശ്ശേരി – നടവരമ്പ് – ഇരവത്തൂര്‍ – കൊച്ചുകടവ് – കുണ്ടൂര്‍ – കുഴൂര്‍ റോഡ് നവീകരണത്തിനായി 31.25 കോടി രൂപയും, എറണാകുളം ജില്ലയിലെ നാഷണല്‍ ഹൈവേ 85-നെ ബന്ധിപ്പിക്കുന്ന പാതയായ കിഴക്കമ്പലം – അച്ചപ്പന്‍കവല – പഴന്തോട്ടം – പാന്‍കോട് – വടവുകോട് – പുത്തന്‍കുരിശ് – ചോറ്റാനിക്കര റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
അനുവദിക്കപ്പെട്ട പദ്ധതികളുടെ സാങ്കേതിക- സാമ്പത്തിക അനുമതി നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്‍പും പൂര്‍ത്തിയായ ശേഷവും റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചാലക്കുടി മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കാനും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഈ പദ്ധതികള്‍ വലിയ സഹായമാകുമെന്ന് ബെന്നി ബെഹനാന്‍ എം.പി. അറിയിച്ചു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡുകള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.