
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായ സിപിഎമ്മുകാര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നതിന് പകരം പ്രിയങ്കാഗാന്ധി എം.പി.യുടെ ഓഫീസിലേക്ക് ബി.ജെ.പി പ്രകടനം നടത്തിയത് സിപിഎമ്മിന് രാഷ്ട്രീയ കവചം ഒരുക്കാനാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ.
പ്രിയങ്ക ഗാന്ധിയ്ക്ക് ശബരിമല സ്വര്‍ണ്ണ കേസ്സുമായി എന്തു ബന്ധമാണുള്ളത്.ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നേതാക്കള്‍ ആഴ്ചകളായി ജയിലിനകത്താണ്. അപ്പോള്‍ ആര്‍ക്കെതിരെയാണ് ബി.ജെ.പി. മാര്‍ച്ച് നടത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ കേരളത്തിലെ ദേവസ്വം മന്ത്രിയുടെ വീട്ടിലേക്കോ മാര്‍ച്ച് നടത്താന്‍ ബിജെപിക്ക് എന്താണ് ഭയമെന്നും അനില്‍കുമാര്‍ ചോദിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇപ്പോള്‍ അഴിക്കുള്ളില്‍ ആയവര്‍ക്ക് പുറമെ സിപിഎമ്മുകാരായ വന്‍ സ്രാവുകളിലേക്ക് അന്വേഷണം കടക്കേണ്ടതുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ ബി.ജെ.പി ഇത്തരം ഒരു നാടകം നടത്തുമ്പോള്‍ അത് സി.പി.എമ്മിനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. മുമ്പ് ഒളിഞ്ഞുള്ള ബന്ധമാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വളരെ തെളിഞ്ഞുള്ള ബന്ധമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് കല്‍പ്പറ്റയില്‍ അരങ്ങേറിയ ഈ സമര നാടകമെന്നും അനില്‍കുമാര്‍ പറഞ്ഞു.
നിയമസഭയില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി സോണിയാഗാന്ധിക്കെതിരെ വളരെ മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ബി.ജെ.പി പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധം നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവവുമില്ല. കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ബി.ജെ.പി. യോടൊപ്പം ചേര്‍ന്നാണ് ഇന്ന് സി.പി.എം മുന്നോട്ടുപോകുന്നത്. ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം സി.പി.എമ്മിനെതിരായി കോണ്‍ഗ്രസ് നടത്തുന്ന സമരത്തിലും സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ്. മുമ്പ് രണ്ട് പാര്‍ട്ടികള്‍ക്കും രണ്ട് വക്താക്കളെ വേണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ രണ്ടു പേര്‍ക്കും കൂടി ഒരു വക്താവ് മതി എന്നുള്ള സ്ഥിതിയാണ്. ഇവര്‍ തമ്മില്‍ അത്രമാത്രം ആഴത്തിലുള്ള ബന്ധമാണ് രൂപപ്പെട്ടുവരുന്നത് എന്നതിന്റെ തെളിവാണ് ശിവന്‍കുട്ടിയുടെ പ്രസ്താവനയും അതോടൊപ്പം ബി.ജെ.പി കല്‍പ്പറ്റ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചുമെന്നും എപി അനില്‍കുമാര്‍ പറഞ്ഞു.