
കേരള ബജറ്റില്‍ ആശാവര്‍ക്കര്‍മാര്‍ക്കായി പ്രഖ്യാപിച്ച 1000 രൂപയുടെ വേതന വര്‍ദ്ധനവ്, കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തോട് ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന ക്രൂരമായ പരിഹാസത്തിന്റെ തെളിവാണ് . വലിയൊരു ഔദാര്യം എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഈ ‘നാമമാത്ര വര്‍ദ്ധന’ യഥാര്‍ത്ഥത്തില്‍ ആ പാവപ്പെട്ട സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്.
മാന്യമായി ജീവിക്കാനുള്ള വേതനം തേടി തെരുവില്‍ കിടന്നവര്‍ക്കുള്ള ‘ശിക്ഷ’യാണ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. 1000 രൂപ അവര്‍ക്ക് ഇട്ടുകൊടുക്കുന്നതിന് മുന്‍പ്, ഭരണകൂടം ഓര്‍ക്കേണ്ട ഒരു സമീപകാല ചരിത്രമുണ്ട്. മാസങ്ങളോളം വെയിലും മഴയും കൊണ്ട്, അവകാശങ്ങള്‍ക്കായി തെരുവില്‍ സമരം ചെയ്ത സ്ത്രീകളാണ് ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും. കുടുംബം പോറ്റാന്‍ മാന്യമായ വേതനം വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ നടത്തിയ സഹനസമരങ്ങളെ ഈ സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് കേരളം മറന്നിട്ടില്ല.
അന്ന് അവരുടെ ആവശ്യങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിന് പകരം, അവരെ അപഹസിക്കാനും പുച്ഛിച്ചുതള്ളാനുമാണ് സിപിഎം നേതാക്കളും സര്‍ക്കാര്‍ വക്താക്കളും ശ്രമിച്ചത്. ആ സമരവീര്യത്തെ അടിച്ചമര്‍ത്താന്‍ നോക്കിയവര്‍, ഇപ്പോള്‍ ബജറ്റിലൂടെ നല്‍കിയിരിക്കുന്ന ഈ തുച്ഛമായ വര്‍ദ്ധനവ് ആ സ്ത്രീകളുടെ മുറിവില്‍ മുളകുപുരട്ടുന്നതിന് തുല്യമാണ്. ‘അടിസ്ഥാന വര്‍ഗ്ഗം’, ‘തൊഴിലാളി വര്‍ഗ്ഗം’ എന്നൊക്കെ കവലപ്രസംഗങ്ങളില്‍ മാത്രം പറയുകയും, പ്രാവര്‍ത്തിക തലത്തില്‍ തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ കാണുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നവരാണ് ആശാവര്‍ക്കര്‍മാര്‍. അവര്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള വേതനം നല്‍കാനുള്ള ഹൃദയം ഈ ഇടതുപക്ഷ സര്‍ക്കാരിനില്ലാതായി എന്നത് ലജ്ജാകരമാണ്.
ഈ നാമമാത്ര വര്‍ദ്ധന തെളിയിക്കുന്നത് മറ്റൊന്നുമല്ല; ന്യായമായ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ സ്ത്രീകളോട് പിണറായി സര്‍ക്കാരിന് ഇപ്പോഴും ‘കലിപ്പ്’ തീര്‍ന്നിട്ടില്ല എന്ന് തന്നെയാണ്. ബജറ്റിലെ ഈ നിരാശപ്പെടുത്തുന്ന പ്രഖ്യാപനം കേരളത്തിലെ സ്ത്രീസമൂഹത്തോടും തൊഴിലാളികളോടും കാട്ടിയ കടുത്ത വഞ്ചനയായി തന്നെ പൊതുജനം വിലയിരുത്തും.