
കെ-റെയില്‍ എന്ന അപ്രായോഗിക പദ്ധതി ഉപേക്ഷിച്ച്, ‘റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം’ എന്ന പുതിയ മോഹനവാഗ്ദാനവുമായി പിണറായി സര്‍ക്കാര്‍ രംഗത്തെത്തുമ്പോള്‍ അത് വികസനത്തോടുള്ള ആത്മാര്‍ത്ഥതയല്ല, അടുത്തു വരുന്ന തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമാണ്.
‘കെ-റെയില്‍ വരും, കേട്ടോ’ എന്ന് നാലര വര്‍ഷം കേരള ജനതയോട് മുഷ്‌ക്ക് കാണിച്ച പിണറായി സര്‍ക്കാര്‍ ഒടുവില്‍ ആ വാശി ഉപേക്ഷിച്ചിരിക്കുകയാണ്. ആര്‍ ആര്‍ ടി എസ് എന്ന തട്ടിക്കൂട്ടുമായാണ് പുതിയ വരവ്. റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം’എന്നാണ് പേരിട്ടിരിക്കുന്നത്. സില്‍വര്‍ലൈനിന്റെ പേരില്‍ ഒട്ടേറെ പേരുടെ അധ്വാനവും കോടികളുടെ ധൂര്‍ത്തും പാഴാക്കിയ ശേഷമാണ് ഈ വെളിപാടുമായി ധനമന്ത്രി നൂറു കോടി മാറ്റിവച്ചിരിക്കുന്നത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഒഴുക്കിക്കളഞ്ഞത് നിസ്സാര തുകയല്ല. കണക്കുകള്‍ പ്രകാരം ഏകദേശം 126 കോടി രൂപയോളം ഇതിനകം തന്നെ പാഴായിപ്പോയി. മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാനും, ഓഫീസ് സംവിധാനങ്ങള്‍ക്കും, ഉദ്യോഗസ്ഥരുടെ ശമ്പളത്തിനുമായി ഖജനാവില്‍ നിന്ന് ചെലവാക്കിയ പണത്തിന് ആര് കണക്ക് പറയും?
റെയില്‍വേയുടെ സാങ്കേതിക അനുമതി ലഭിക്കാത്തത് മാത്രമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധവും ഇതിനൊരു കാരണമാണെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഇത്രയും നാളും ജനരോഷത്തെ ‘വികസന വിരുദ്ധരുടെ ഗൂഢാലോചന’ എന്ന് മുദ്രകുത്തിയവരാണ് ഇപ്പോള്‍ പത്തി മടക്കുന്നത്.
കെ-റെയില്‍ വിട്ട് പെട്ടെന്നൊരു ആര്‍.ആര്‍.ടി.എസ് പ്രഖ്യാപനത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി സഹകരിച്ച് തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ പാതയ്ക്ക് ഡി.പി.ആര്‍ തയ്യാറാക്കാന്‍ നീക്കം നടന്നിരുന്നു. കേന്ദ്രത്തിന്റെ അനുമതിയോടെ ഈ പദ്ധതി വന്നാല്‍ അതിന്റെ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുമെന്ന് സിപിഎം ഭയക്കുന്നു. ഇത് തടയിടാനുള്ള തന്ത്രമാണ് തിടുക്കത്തിലുള്ള ഈ കടലാസ് പദ്ധതി’പ്രഖ്യാപനം.
തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ചിട്ടും എടുത്തു പറയാന്‍ സ്വന്തമായി ഒരു വമ്പന്‍ പദ്ധതി പോലുമില്ലാത്ത അവസ്ഥയിലാണ് ഇടതു സര്‍ക്കാര്‍. കോവളം-ബേക്കല്‍ ജലപാത എങ്ങുമെത്തിയില്ല. ദേശീയപാത വികസനം നടക്കുന്നുണ്ടെങ്കിലും അതിന്റെ മുഖ്യ ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാരിനാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ‘ഞങ്ങള്‍ എന്ത് ചെയ്തു?’ എന്ന ചോദ്യത്തിന് മറുപടിയായി ഉയര്‍ത്തിക്കാട്ടാന്‍ ഒരു ‘മെഗാ പദ്ധതി’ അനിവാര്യമാണ്. ആ ശൂന്യത നികത്താനാണ് ആര്‍.ആര്‍.ടി.എസ് എന്ന പേരില്‍ പുതിയൊരു തട്ടിക്കൂട്ടുമായി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നിലെത്തുന്നത് ഉപേക്ഷിക്കപ്പെട്ട സില്‍വര്‍ലൈനിന്റെ ശവകുടീരത്തിന് മുകളില്‍ കെട്ടിപ്പൊക്കിയ മറ്റൊരു വെറും വാഗ്ദാനം മാത്രമാണ് ആര്‍.ആര്‍.ടി.എസ്. വികസനത്തോട് ആത്മാര്‍ത്ഥതയുണ്ടായിട്ടല്ല, മറിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ വേണ്ടി മാത്രം പടച്ചുവിട്ട ഒരു ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ മാത്രമാണിത്.