എസ്.ഐ.ആര്‍ പിഴവ്: 18 ലക്ഷം പേര്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ നേതാവ്

Jaihind News Bureau
Wednesday, January 28, 2026

 

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എസ്.ഐ.ആര്‍ നടപടികളില്‍ സോഫ്റ്റ്വെയര്‍ പിഴവുകള്‍ മൂലം ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലോജിക്കല്‍ ഡിസ്‌ക്രിപെന്‍സി എന്ന പേരില്‍ പേരുകളിലെയും ഇനിഷ്യലുകളിലെയും ചെറിയ അക്ഷരവ്യത്യാസങ്ങളുടെ പേരില്‍ 18 ലക്ഷത്തോളം പേര്‍ക്ക് നോട്ടീസ് അയച്ച നടപടി ഉടനടി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഫ്റ്റ്വെയറിലെ പിഴവ് കാരണം ഉണ്ടായ തെറ്റുകള്‍ തിരുത്താന്‍ ജനങ്ങളെ ഹിയറിംഗിന് വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കരുത്. പകരം, ബി.എല്‍.ഒമാര്‍ നേരിട്ട് വീടുകളിലെത്തി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണം. ഇതിനായി ജനറേറ്റ് ചെയ്ത നോട്ടീസുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണം. പലയിടങ്ങളിലും ബി.എല്‍.ഒമാര്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വോട്ട് നീക്കം ചെയ്യാനായി സമര്‍പ്പിക്കുന്ന ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരുടെ വോട്ടുകള്‍ ഇല്ലാതാക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും, പരിശോധന കൂടാതെ അത് അംഗീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടി വേണം. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിന് മുന്‍പ് ബന്ധപ്പെട്ട ആളെ വിവരം അറിയിച്ചിരിക്കണം. മലബാര്‍ ജില്ലകളില്‍ ഇത്തരം ദുരുപയോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശത്ത് ജനിച്ച ഇന്ത്യന്‍ പൗരന്മാരായ പ്രവാസികള്‍ക്ക് ഫോം 6എ സമര്‍പ്പിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ ജനനസ്ഥലം രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ ഇതുവരെ ലഭ്യമായിട്ടില്ല. ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ക്ക് അപേക്ഷ നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

എസ്.ഐ.ആര്‍ പൗരത്വ പരിശോധന കൂടി ആയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ ഗൗരവത്തോടെ ഇതില്‍ ഇടപെടണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മോന്‍സ് ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.