
തിരുവനന്തപുരം: യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത പ്രകൃതി-വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണം സംഘടിപ്പിച്ച ഫോട്ടോഗ്രഫി പ്രദര്‍ശനം തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ സമാപിച്ചു. ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഭാരത് വികാസ് പരിഷത്താണ് ഈ വേറിട്ട പ്രദര്‍ശനം സംഘടിപ്പിച്ചത്.
‘പ്രകൃതി എന്ന ലഹരിയെ ജീവിതത്തിലേക്ക് ആവാഹിക്കുക’ എന്ന സന്ദേശമാണ് പ്രദര്‍ശനം കുട്ടികള്‍ക്ക് നല്‍കിയത്. ലഹരി മാഫിയയുടെ പിടിയില്‍ നിന്നും വരുംതലമുറയെ രക്ഷിക്കാന്‍ പ്രകൃതിയെയും ചുറ്റുപാടുമുള്ള ജീവജാലങ്ങളെയും സ്‌നേഹിക്കാന്‍ പഠിക്കണമെന്ന് ബിജു കാരക്കോണം ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു. സ്വയം സ്‌നേഹിക്കാനും സഹജീവികളെ കരുതാനും പഠിക്കുന്ന ഒരു സമൂഹത്തിന് മാത്രമേ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോര്‍ട്ട് സ്‌കൂള്‍ ട്രസ്റ്റി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ്, ഭാരത് വികാസ് പരിഷത് അംഗങ്ങളായ ഡോ. ആര്‍.കെ. രവീന്ദ്രന്‍ നായര്‍, രാജേഷ്, സുഭാഷ്, വൈഭവ് ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് അംഗം വൈഭവ്, ചാമുണ്ഡി ദേവി ക്ഷേത്രം പ്രസിഡന്റ് കെ. പ്രതാപചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രകൃതിയെ അടുത്തറിയുന്നതിലൂടെയും സ്‌നേഹിക്കുന്നതിലൂടെയും കുട്ടികളിലെ ക്രിയാത്മകമായ ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ വഴിയൊരുക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.