
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ‘ദാദ’ (മൂത്ത സഹോദരന്‍) എന്നറിയപ്പെട്ടിരുന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭരണപരമായ കാര്യക്ഷമതയും, സഹകരണ മേഖലയിലുള്ള അപ്രമാദിത്വവും, തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളും ഒത്തുചേര്‍ന്ന ഒരു നേതാവിനെയാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായിരിക്കുന്നത്. ബാരാമതിയില്‍ വിമാനം തകര്‍ന്നുവീണുണ്ടായ ഈ ദുരന്തം, നിലവിലെ ഭരണസഖ്യമായ മഹായുതിയിലും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
അജിത് പവാറിന്റെ മരണത്തിലൂടെ ഏറ്റവും വലിയ പ്രതിസന്ധി നേരിടാന്‍ പോകുന്നത് അജിത് പവാര്‍ നയിച്ചിരുന്ന എന്‍.സി.പി വിഭാഗം തന്നെയാണ്. ശരദ് പവാറുമായി പിരിഞ്ഞ് 2023 ജൂലൈയില്‍ പാര്‍ട്ടി പിളര്‍ത്തിയ അജിത് പവാര്‍, പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തേക്ക് ആരുവരും എന്നത് വലിയ ചോദ്യചിഹ്നമാണ്. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടെങ്കിലും, അജിത് പവാറിനുണ്ടായിരുന്ന ജനപിന്തുണയോ എം.എല്‍.എമാരുടെ മേലുള്ള സ്വാധീനമോ ഇവര്‍ക്കില്ല. അജിത് പവാറിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് പല എം.എല്‍.എമാരും അദ്ദേഹത്തോടൊപ്പം നിന്നത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ, ഈ എം.എല്‍.എമാരില്‍ പലരും തിരികെ ശരദ് പവാറിന്റെ എന്‍ സിപിയിലേയ്ക്ക് ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് ശരദ് പവാറിന്റെ വിഭാഗത്തെ ശക്തിപ്പെടുത്തുകയും അജിത് വിഭാഗത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.
ബിജെപി നേതൃത്വം നല്‍കുന്ന മഹായൂതി ഭരണസഖ്യത്തിലും ഇത് വിള്ളലുകള്‍ വീഴ്ത്തിയേക്കാം. ശിവസേന (ഷിന്‍ഡെ വിഭാഗം), എന്‍.സി.പി (അജിത് വിഭാഗം) എന്നിവരടങ്ങിയ ഭരണസഖ്യത്തില്‍ അജിത് പവാര്‍ ഒരു പ്രധാന ഘടകമായിരുന്നു. ധനകാര്യം, ജലസേചനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അജിത് പവാര്‍, ബജറ്റ് ആസൂത്രണത്തിലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും അതീവ സമര്‍ത്ഥനായിരുന്നു. ഈ ഭരണപാടവം നഷ്ടമാകുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. മറാത്താ സമുദായത്തില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കടന്നുകയറാന്‍ അജിത് പവാര്‍ ഒരു പാലമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഭരണസഖ്യത്തിന് തിരിച്ചടിയായേക്കാം.
മൂന്ന് പതിറ്റാണ്ടിലേറെയായി അജിത് പവാര്‍ ബാരാമതിയുടെ പര്യായമായിരുന്നു. 2024 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോലും ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. പിന്‍ഗാമി ആര് എന്ന ചോദ്യമാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. അത് പവാര്‍ കുടുംബത്തില്‍ നിന്നൊരാള്‍ ആകാന്‍ സാദ്ധ്യത ഏറെയാണ്്. അത് ആരായിരിക്കും എന്നത് നിര്‍ണ്ണായകമാണ്. അജിത് പവാറിന്റെ മക്കളായ പാര്‍ത്ഥ് പവാറോ ജയ് പവാറോ രാഷ്ട്രീയത്തില്‍ സജീവമാകുമോ, അതോ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ബാരാമതിയുടെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമോ … ഇതില്‍ ഏതാണ് സംഭവിക്കുകയെന്ന് കണ്ടറിയണം
അജിത് പവാര്‍ വെറുമൊരു ഉപമുഖ്യമന്ത്രി മാത്രമായിരുന്നില്ല; മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള, ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ഒരു ‘ഗ്രാസ്റൂട്ട്’ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്‍.സി.പി അജിത് വിഭാഗത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാം. വരും മാസങ്ങളില്‍ മഹാരാഷ്ട്ര രാഷ്ട്രീയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയൊരു പുനഃക്രമീകരണത്തിനാകും. ശരദ് പവാര്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ ഈ അവസരം എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മഹാരാഷ്ട്രയുടെ ഭാവി രാഷ്ട്രീയം.