സ്പീക്കര്‍ കാണിച്ചത് അനീതി; സി.പി.എം പ്രതിരോധത്തിലായപ്പോള്‍ ചര്‍ച്ച നിഷേധിക്കുന്നുവെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Tuesday, January 27, 2026

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സഭയില്‍ മറുപടി പറയാന്‍ സാധിക്കാത്ത വിധം സി.പി.എം ഈ വിഷയത്തില്‍ പ്രതിരോധത്തിലാണെന്നും, മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കര്‍ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ നോട്ടീസ് റദ്ദാക്കിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം പ്രതിക്കൂട്ടിലാകുന്ന വിഷയങ്ങളില്‍ സഭയില്‍ ചര്‍ച്ച വേണ്ടെന്ന ഏകപക്ഷീയമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധവും സ്പീക്കര്‍ പദവിക്ക് നിരക്കാത്തതുമായ അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്തസാക്ഷി ഫണ്ട് കൊള്ളയടിച്ച നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ അഴിമതി പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടി ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുഞ്ഞികൃഷ്ണന് മതിയായ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സത്യം വിളിച്ചുപറയുന്നവരെ വേട്ടയാടുന്ന സി.പി.എം ശൈലിയാണ് പയ്യന്നൂരില്‍ പ്രകടമാകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.