
തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ പരസ്യമദ്യപാനത്തെത്തുടര്ന്ന് സസ്പെന്‍ഡ് ചെയ്തു. ജോലി സമയത്ത് സ്റ്റേഷന് പരിസരത്ത് കാറിനുള്ളിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ നല്ലനടപ്പ് പരിശീലനത്തിനായി തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയായിരുന്നു വിവാദമായ സംഭവം നടന്നത്. ഡ്യൂട്ടി സമയത്ത് സിവില്‍ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥര്‍ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനകത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായി ഒത്തുചേര്‍ന്നതായിരുന്നു ഇവര്‍ എന്നാണ് നല്കിയ വിശദീകരണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതോടെ സംഭവം വലിയ വിവാദമായി മാറി.
ഇതിനെക്കുറിച്ച് അന്വേഷിച്ച കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. പൊതുസ്ഥലത്ത് മദ്യപിച്ചത് പൊലീസിന്റെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എ.സി.പിയുടെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.