‘ജനനായകന്‍’ നിയമക്കുരുക്കില്‍ തന്നെ, റിലീസ് ഇനിയും വൈകും; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

Jaihind News Bureau
Tuesday, January 27, 2026

വിജയ് ചിത്രം ‘ജനനായക’ന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് ഉടന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. കേസില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗം കൂടി വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബോര്‍ഡിന് സമയം അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വിഷയം വീണ്ടും പരിഗണിച്ച് പുതിയ തീരുമാനമെടുക്കാന്‍ കേസ് സിംഗിള്‍ ബെഞ്ചിന് തന്നെ കൈമാറുകയും ചെയ്തു.

നേരത്തെ, ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുന്നതിനെതിരെ നിര്‍മ്മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 9-ന് അനുകൂലമായ വിധി സമ്പാദിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഉടന്‍ തന്നെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി 20-നാണ് കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കും. അതിനാല്‍ ഫെബ്രുവരി 16-ന് നിശ്ചയിച്ചിരുന്ന റിലീസ് നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുന്‍പുള്ള വിജയിയുടെ അവസാന ചിത്രമെന്ന വിശേഷണമുള്ളതിനാല്‍ ‘ജനനായകന്റെ’ നിയമക്കുരുക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കുന്നുണ്ട്.