
അമേരിക്കയിലെ മെയിൻ സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ടേക്ക് ഓഫ് ശ്രമത്തിനിടെ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്.
ബോംബാർഡിയർ ചലഞ്ചർ 600 വിഭാഗത്തിൽപ്പെട്ട വിമാനം റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഏഴ് യാത്രക്കാരും മരിച്ചു. ഗുരുതരമായി പരിക്കേറ്റത് ക്യാബിൻ ക്രൂവിലെ ഒരാളാണ്.
ടേക്ക് ഓഫിനിടെ കാഴ്ചാ പരിമിതി നേരിടുന്നതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വിമാനം റൺവേയിൽ ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപ്പിടിച്ചത്. അപകടസമയത്ത് പ്രദേശത്ത് അതിശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിരുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
11 പേർക്ക് വരെ യാത്ര ചെയ്യാവുന്ന വിശാലമായ ഈ വിമാനം ചാർട്ടർ സർവീസ് നടത്തുന്ന സ്ഥാപനങ്ങൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണെന്ന് റിപ്പോർട്ടുകളുണ്ട്. ടെക്സാസിലെ ഹൂസ്റ്റൺ ആസ്ഥാനമായ ഒരു നിയമ സ്ഥാപനത്തിന്റെ പേരിലാണ് വിമാനം രജിസ്റ്റർ ചെയ്തിരുന്നത്. അപകടത്തിൽ മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് ബാംഗോർ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഞ്ഞുവീഴ്ച മൂലം ഇതുവരെ 22 പേർ മരണപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ വൈദ്യുതി ഇല്ലാതെ കഴിയുന്ന അവസ്ഥയിലുമാണ്. ഞായറാഴ്ച മാത്രം 5,500ലേറെ വിമാന സർവീസുകൾ വൈകുകയും 11,000ത്തോളം സർവീസുകൾ റദ്ദാക്കപ്പെടുകയും ചെയ്തു. ഫിലാഡെൽഫിയ, വാഷിംഗ്ടൺ ഡി.സി., ന്യൂയോർക്ക്, ന്യൂജേഴ്സി അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം മഞ്ഞുവീഴ്ച മൂലം സാരമായി ബാധിച്ചിട്ടുണ്ട്.