
കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളില്‍ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ കാര്യം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം സിപിഎമ്മിന് തിരിച്ചടിയാകുന്നു. ടി.ഐ. മധുസൂദനന് എം.എല്‍.എയെ പ്രതിരോധിക്കാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, കുഞ്ഞികൃഷ്ണന് ഉന്നയിച്ച പല ക്രമക്കേടുകളും നടന്നുവെന്ന് സമ്മതിച്ചതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തിലുടനീളം ന്യായീകരണങ്ങള്‍ നല്കി രാഗേഷ് കുടുങ്ങുന്ന കാഴ്ചയാണ് കണ്ടത്.
രക്തസാക്ഷി ഫണ്ട് പിരിവിനായി ടി.ഐ. മധുസൂദനന് നല്കിയ രസീത് ബുക്കുകളില്‍ ചിലത് കാണാതായിരുന്നുവെന്ന് ജില്ലാ സെക്രട്ടറിക്ക് തുറന്നുപറയേണ്ടി വന്നു. പിന്നീട് ഇവ തിരിച്ചു കിട്ടിയെന്നായിരുന്നു ന്യായീകരണം. പിശകുള്ള രസീത് ബുക്കുകള്‍ നശിപ്പിച്ചു കളയുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും, ഇവ അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പിരിവിനായി നല്‍കിയെന്നും രാഗേഷ് സമ്മതിച്ചു. എന്നാല്‍, ഈ പിശകുള്ള ബുക്കുകള്‍ വഴി പിരിച്ച പണം മുഴുവന്‍ പാര്‍ട്ടിക്ക് ലഭിച്ചു എന്ന രാഗേഷിന്റെ വാദം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.
തെറ്റായ രസീതുകള്‍ അച്ചടിച്ചതില്‍ പാര്‍ട്ടി ഓഫീസ് സെക്രട്ടറിക്കാണ് പിഴവ് പറ്റിയതെന്നും അദ്ദേഹം നടപടി നേരിട്ടതായും രാഗേഷ് വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫണ്ട് രസീതുകള്‍ കാണാതായ സംഭവവും അദ്ദേഹം സ്ഥിരീകരിച്ചു. റൂറല്‍ ബാങ്ക് ഭൂമി ഇടപാടില്‍ വി. കുഞ്ഞികൃഷ്ണന് ഹാജരാക്കിയ ഫോട്ടോകളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഭൂമി വാങ്ങുന്നതിന് മുന്‍പ് നടത്തിയ ഗള്‍ഫ് സന്ദര്ശനത്തിന്റേതാണെന്ന ദുര്‍ബലമായ മറുപടിയാണ് പാര്‍ട്ടി നല്‍കിയത്. സഹകരണ വകുപ്പിന്റെ അനുമതിയോടെയാണ് ഭൂമി വാങ്ങിയതെന്നും രാഗേഷ് അവകാശപ്പെട്ടു.
കണക്കുകള്‍ രഹസ്യം; വകമാറ്റലില്‍ കുറ്റസമ്മതം രക്തസാക്ഷി ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്ന ചട്ടം നിലനില്‍ക്കെ, അതില്‍ ചില പിഴവുകള്‍ സംഭവിച്ചതായി ജില്ലാ സെക്രട്ടറി സമ്മതിച്ചു. എന്നാല്‍ പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട ബാധ്യതയില്ലെന്ന കര്‍ക്കശ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പൊതു ആവശ്യങ്ങള്‍ക്കായി പിരിക്കുന്ന ഫണ്ടിന്റെ കണക്ക് വെളിപ്പെടുത്താറില്ലെന്നും പാര്‍ട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി വിവാദം അവസാനിപ്പിക്കാന്‍ ശ്രമിച്ച സിപിഎം, കെ.കെ. രാഗേഷിന്റെ ഈ വെളിപ്പെടുത്തലുകളിലൂടെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ വിശദീകരണങ്ങള്‍ക്ക് വീണ്ടും വിശദീകരണം നല്‍കേണ്ടി വരുന്ന അവസ്ഥയിലാണ് കണ്ണൂരിലെ സിപിഎം നേതൃത്വം.