‘ചികിത്സ നിഷേധം ഭരണപരമായ കുറ്റകൃത്യം’; തിരുവനന്തപുരത്തെ യുവാവിന്റെ മരണത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് ടി. സിദ്ദിഖ്

Jaihind News Bureau
Monday, January 26, 2026

തിരുവനന്തപുരത്ത് ചികിത്സ ലഭിക്കാൻ വൈകിയതിനെത്തുടർന്ന് യുവാവ് മരിക്കാനിടയായ സംഭവം അതീവ ഗൗരവകരമാണെന്ന് ടി. സിദ്ദിഖ് എംഎൽഎ. പൊതുജനാരോഗ്യം എന്നത് വെറുമൊരു പ്രസംഗ വിഷയമല്ലെന്നും അത് മനുഷ്യജീവന്റെ വിലയുള്ള ഗൗരവമേറിയ കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അത്യാഹിത ചികിത്സ എന്നത് ആരുടെയും ദയയോ ഉപകാരമോ അല്ല, മറിച്ച് ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

 നെഞ്ചുവേദനയുമായി എത്തുന്ന ഒരു രോഗിക്ക് പ്രാഥമിക പരിശോധന, സി.പി.ആർ (CPR), ആവശ്യമായ മരുന്നുകൾ എന്നിവ നൽകാൻ ആശുപത്രികൾ സജ്ജമായിരിക്കണം. പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യവും ഇത്തരം സന്ദർഭങ്ങളിൽ അനിവാര്യമാണ്. ഇതിൽ പരാജയപ്പെടുന്നത് സിസ്റ്റത്തിന്റെയും അതിനെ നയിക്കുന്ന ഭരണകൂടത്തിന്റെയും വലിയ വീഴ്ചയാണെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

രോഗിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതുകൊണ്ട് മാത്രം ഒരു ആശുപത്രിയുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ രോഗിയുടെ ജീവൻ സംരക്ഷിക്കാനുള്ള ബാധ്യതയും, ആംബുലൻസിൽ മെഡിക്കൽ പിന്തുണ ഉറപ്പാക്കേണ്ട കടമയും ഭരണകൂടത്തിനുണ്ട്. ഇതിൽ സംഭവിക്കുന്ന വീഴ്ചകൾ വെറും അനാസ്ഥയല്ല, മറിച്ച് ഭരണപരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം മരണങ്ങൾക്ക് ശേഷം പതിവ് പ്രസ്താവനകളും അന്വേഷണ വാഗ്ദാനങ്ങളും നൽകി തടിതപ്പുന്നത് അംഗീകരിക്കാനാവില്ല. സംഭവസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ആരാണ്, എന്തുകൊണ്ട് അടിയന്തര ഇടപെടൽ ഉണ്ടായില്ല തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മറുപടി വേണം. കുറ്റക്കാർക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.