കിവീസിനെ ‘അടിച്ചുപരത്തി’ ഇന്ത്യ; 10 ഓവറിൽ വിജയം; പരമ്പര കൈപ്പിടിയിൽ

Jaihind News Bureau
Monday, January 26, 2026

ന്യൂസീലന്‍ഡ് ബൗളര്‍മാരെ ദയവില്ലാതെ പ്രഹരിച്ചുകൊണ്ട് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുന്നു. മൂന്നാം മത്സരത്തില്‍ വെറും 10 ഓവറില്‍ ലക്ഷ്യം മറികടന്ന ഇന്ത്യ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-0 എന്ന നിലയില്‍ മുന്നിലെത്തി. അഭിഷേക് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിങ് വിസ്‌ഫോടനമാണ് കിവീസിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ടത്.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് എന്ന വെല്ലുവിളിയെ വെറും പത്തോവര്‍ കൊണ്ടാണ് ഇന്ത്യ മറികടന്നത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് തൂക്കിയ അഭിഷേക് ശര്‍മ, വെറും 14 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ചു. ടി20 ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡ് ഇതോടെ അഭിഷേകിന് സ്വന്തമായി. 20 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന താരം 5 സിക്സറുകളും 7 ഫോറുകളുമാണ് പറത്തിയത്. ഇതിനുപുറമെ, 25 പന്തിനുള്ളില്‍ ഒന്‍പത് തവണ അര്‍ധസെഞ്ചുറി നേടുന്ന ലോകത്തെ ആദ്യ താരമെന്ന നേട്ടവും അഭിഷേക് സ്വന്തം പേരില്‍ കുറിച്ചു.

ഓപ്പണര്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടിയായെങ്കിലും ഇഷാന്‍ കിഷനും (28) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അത് പരിഹരിച്ചു. സൂര്യകുമാര്‍ 26 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യ ബാറ്റ് ചെയ്ത എല്ലാ ഓവറിലും 11 റണ്‍സിനു മുകളില്‍ നേടാന്‍ കഴിഞ്ഞു എന്നത് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ആധിപത്യം വ്യക്തമാക്കുന്നു.

് നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയിരുന്നു. പരിക്കിന് ശേഷം തിരിച്ചെത്തിയ ജസ്പ്രീത് ബുംറ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രവി ബിഷ്ണോയ് 18 റണ്‍സിന് രണ്ട് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ 32 റണ്‍സെടുക്കുന്നതിനിടെ കിവീസിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

തകര്‍ച്ചയ്ക്കിടയിലും ഗ്ലെന്‍ ഫിലിപ്‌സും (48) മാര്‍ക്ക് ചാപ്മാനും (32) നടത്തിയ പോരാട്ടമാണ് ന്യൂസീലന്‍ഡിനെ 153 എന്ന സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 27 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തിക്കും അര്‍ഷ്ദീപ് സിങ്ങിനും പകരം ടീമിലെത്തിയ ബിഷ്ണോയിയും ബുംറയും ആ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് നടത്തിയത്.