
പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരെയുള്ള രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നുവെന്ന് കാട്ടി പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച കൃത്യമായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാതെ പാർട്ടി നേതൃത്വം ഉഴലുകയാണ്. ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികൾ ഏറ്റെടുത്തതോടെ വിഷയം വരും ദിവസങ്ങളിൽ കൂടുതൽ ആളിപ്പടരുമെന്ന് ഉറപ്പായി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിർണായകമായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് കണ്ണൂരിൽ ചേരുകയാണ്. ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാനാണ് യോഗത്തിൽ സാധ്യതയുള്ളത്. പാർട്ടിക്കുള്ളിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ പരസ്യമാക്കുകയും പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തു എന്ന കുറ്റത്തിന് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കുമെന്നും സൂചനകളുണ്ട്.
അതേസമയം, തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അഴിമതി ചൂണ്ടിക്കാട്ടിയ വ്യക്തിയെ പുറത്താക്കാനുള്ള നീക്കം പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ ഈ വിഷയം വലിയ വിഭാഗീയതയ്ക്ക് കാരണമായേക്കാം. ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുന്ന തീരുമാനങ്ങൾ സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ സംബന്ധിച്ചിടത്തോളം നിർണായകമായിരിക്കും.