
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവിധേയനായ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. പയ്യന്നൂർ സെൻട്രൽ ബസാറിൽ വെച്ചാണ് സംഘടിച്ച് നിന്ന സിപിഎം സംഘം പ്രകടനത്തിന് നേരെ തിരിഞ്ഞത്. അക്രമത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയരാജൻ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാർക്ക് നേരെ അക്രമം നടന്നിട്ടും അക്രമികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പ്രദേശത്ത് വലിയ രീതിയിലുള്ള പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.