വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; വികസന വേഗത പോരെന്ന് വി.ഡി. സതീശൻ; ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച് കരണ്‍ അദാനി

Jaihind News Bureau
Saturday, January 24, 2026

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന്റെ യഥാർത്ഥ ശില്പി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണെന്ന് അദ്ദേഹം സ്മരിച്ചു. എന്നാൽ, പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയിൽ ഔട്ട്‌റീച്ച്, റിങ് റോഡ്, മത്സ്യബന്ധന തുറമുഖം എന്നിവയുടെ നിർമ്മാണത്തിൽ നിലവിൽ വേഗത കുറവാണെന്നും തടസ്സങ്ങൾ നീക്കി ഇവ വേഗത്തിൽ പൂർത്തിയാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരണ്‍ അദാനിയുടെ പ്രസംഗം ശ്രദ്ധേയമായി. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ ഉമ്മൻചാണ്ടി കാണിച്ച നിശ്ചയദാർഢ്യത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണമാണ് ഈ സ്വപ്ന പദ്ധതിയെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് കരണ്‍ അദാനി എടുത്തുപറഞ്ഞു.