
ദാവോസ്: ഗാസയുടെ പുനരുദ്ധാരണത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവിഷ്കരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ ഉടമ്പടിയില്‍ പാകിസ്താന് അംഗമാകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇസ്രയേല്‍. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ച് പാകിസ്താന് ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പിട്ടെങ്കിലും, പാകിസ്താനെ സമാധാന സേനയുടെ ഭാഗമാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.
തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തെയും ഗാസയിലെ സമാധാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കില്ലെന്ന് ഇസ്രയേല്‍ ധനമന്ത്രി നിര് ബര്‍ക്കത്ത് വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ‘ഖത്തറിനെയും തുര്‍ക്കിയെയും ഞങ്ങള്‍ അംഗീകരിക്കാത്തതുപോലെ പാകിസ്താനെയും വിശ്വസിക്കില്ല. ഗാസയിലെ തീവ്രവാദ സംഘടനകളെ പിന്തുണച്ച ചരിത്രമാണ് അവര്‍ക്കുള്ളത്. അത്തരം രാജ്യങ്ങളെ ഗാസയിലേക്ക് സ്വീകരിക്കില്ല.’ – നിര് ബര്‍ക്കത്ത് പറഞ്ഞു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് പാകിസ്താനു വേണ്ടി ഉടമ്പടിയില്‍ ഒപ്പിട്ടത്. എന്നാല്‍ ഈ നീക്കം പാകിസ്താനില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പലസ്തീന് താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ പദ്ധതിയെന്ന് ആരോപിച്ച് പാകിസ്താനിലെ തീവ്രവിഭാഗങ്ങള് രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്നുള്ള എതിര്‍പ്പിന് പിന്നാലെ ഇസ്രയേല്‍ കൂടി പാകിസ്താനെ തള്ളിയതോടെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി.
ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളേക്കാള്‍ ഫലപ്രദമാണ് ട്രംപിന്റെ ഈ പുതിയ പദ്ധതിയെന്ന് ഇസ്രയേല്‍ ധനമന്ത്രി പ്രശംസിച്ചു. ഗാസയുടെ പുനര്‍നിര്‍മ്മാണവും മേഖലയില്‍ സുരക്ഷാ ഉറപ്പാക്കലുമാണ് ഈ രാജ്യാന്തര ഉടമ്പടിയുടെ ലക്ഷ്യം. എന്നാല്‍ സമാധാന സേനയില്‍ ഏതൊക്കെ രാജ്യങ്ങള്‍ വേണമെന്ന കാര്യത്തില്‍ ഇസ്രയേല്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നത് പദ്ധതിയുടെ വരുംദിവസങ്ങളിലെ പുരോഗതിയെ ബാധിച്ചേക്കാം.