പയ്യന്നൂര്‍ സിപിഎമ്മില്‍ ഫണ്ട് വിവാദം വീണ്ടും പുകയുന്നു; എംഎല്‍എക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വി. കുഞ്ഞികൃഷ്ണന്‍

Jaihind News Bureau
Friday, January 23, 2026

 

പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പ് വിവാദം പുതിയ തലത്തിലേക്ക്. ധന്‍രാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ളവ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ തട്ടിയെടുത്തുവെന്ന ഗുരുതര ആരോപണവുമായി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കണ്ണൂരിലെ സിപിഎമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ഫണ്ട് വിവാദം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ധന്‍രാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ക്രമക്കേട് നടത്തിയെന്നാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തിയത്. രക്തസാക്ഷി ധന്‍രാജിന്റെ കുടുംബത്തിനായി പിരിച്ച ഒരുകോടി രൂപയില്‍ 46 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

‘ടി.ഐ. മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനന്‍ വ്യാജമായി നിര്‍മ്മിച്ചു. സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ല. വരവിലും ചെലവിലും ക്രമക്കേട് നടത്തിയാണ് ഈ പണം തട്ടിയെടുത്തത്.’

തട്ടിപ്പിന്റെ തെളിവുകള്‍ സഹിതം പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി. അന്വേഷണ കമ്മീഷന്‍ പരാതിക്കാരനെ ക്രൂശിക്കുകയും ആരോപണവിധേയരെ സംരക്ഷിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനോട് നേരിട്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ അറിയാമെങ്കിലും പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ പരിഹാരമില്ലാത്തതിനാലാണ് ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നതെന്ന് കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

തെളിവുകള്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ കമ്മീഷന്‍ തെറ്റുകാരെ സംരക്ഷിക്കുകയാണ് ചെയ്തത്. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എനിക്ക് ഭയമില്ല. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഒരു പുസ്തകം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. പാര്‍ട്ടി അനുമതി നല്‍കില്ലെന്ന് ഉറപ്പുള്ളതിനാലാണ് അനുമതി തേടാതിരുന്നത്. തന്നെ ആക്രമിക്കാന്‍ ചിലര്‍ പദ്ധതിയിടുന്നതായി സൂചനയുണ്ട്. എങ്കിലും സിപിഎം വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല.’

ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം ടി.ഐ. മധുസൂദനനെ വെള്ളപൂശാന്‍ ശ്രമിക്കുമ്പോള്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ തന്നെ പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.