
ന്യൂഡൽഹി: ഒഡിഷയിലെ ധേൻകനാലിൽ ക്രിസ്ത്യൻ വൈദികനെ ബജ്‌റംഗ്ദൾ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിക്കും കത്തയച്ചു.
ഭരണകൂടത്തിന്റെ നിശബ്ദത ഇത്തരം കാട്ടുനീതികൾ ആവർത്തിക്കാൻ കാരണമാകുന്നുവെന്നും പൗരന്റെ മതസ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും മേലുള്ള കടന്നാക്രമണമാണ് ഒഡിഷയിൽ നടന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിന്റെ വീട്ടിൽ ഞായറാഴ്ച പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ നാൽപ്പതോളം വരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കയറി. വൈദികനെയും കുടുംബത്തെയും ക്രൂരമായി മർദ്ദിച്ചു. വൈദികനെ തടഞ്ഞുവെച്ച് മുഖത്ത് സിന്ദൂരം പൂശുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ക്ഷേത്രത്തിൽ കെട്ടിയിട്ട് നിർബന്ധിച്ച് ചാണകം തീറ്റിക്കുകയും അഴുക്കുചാലിലെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ‘ജയ് ശ്രീറാം’ വിളിക്കാൻ വൈദികനെ സംഘം നിർബന്ധിച്ചതായും പരാതിയുണ്ട്. ഈ അക്രമത്തെത്തുടർന്ന് പ്രദേശത്തെ ഏഴോളം ക്രിസ്ത്യൻ കുടുംബങ്ങൾ ജീവഭയത്താൽ വീടുപേക്ഷിച്ച് പോയതായും റിപ്പോർട്ടുകളുണ്ട്.
ഇത് വെറുമൊരു ആൾക്കൂട്ട ആക്രമണമല്ലെന്നും ആസൂത്രിതമായ കടന്നാക്രമണമാണെന്നും വേണുഗോപാൽ പറഞ്ഞു. മതന്യൂനപക്ഷങ്ങൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. പൗരന്മാരുടെ വിശ്വാസവും ആത്മാഭിമാനവും സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒഡിഷയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതായും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.