ലേബര്‍ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി; അങ്കമാലിയില്‍ സീനിയര്‍ ക്ലാര്‍ക്ക് വിജിലന്‍സ് പിടിയില്‍

Jaihind News Bureau
Thursday, January 22, 2026

 

അങ്കമാലി: ലേബര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ അങ്കമാലി അസിസ്റ്റന്റ് ലേബര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് വിജിലന്‍സിന്റെ പിടിയിലായി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ സ്വരാജ് നാരായണനെയാണ് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്.

അങ്കമാലിയിലെ ഒരു ഐസ്‌ക്രീം കമ്പനി ഉടമയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കമ്പനിയുടെ ലേബര്‍ ലൈസന്‍സ് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയ ഉടമയോട് 1500 രൂപ നല്‍കിയാല്‍ മാത്രമേ നടപടികള്‍ വേഗത്തിലാക്കൂ എന്ന് സ്വരാജ് നാരായണന്‍ അറിയിക്കുകയായിരുന്നു. പണം നല്‍കാന്‍ തയ്യാറാകാതിരുന്ന ഉടമ ഉടന്‍ തന്നെ വിജിലന്‍സ് അധികൃതരെ വിവരമറിയിച്ചു.

തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ അടയാളപ്പെടുത്തിയ നോട്ടുകളുമായി കമ്പനി ഉടമ ഓഫീസിലെത്തി. ഈ തുക ക്ലാര്‍ക്കിന് കൈമാറുന്നതിനിടെ ഓഫീസിന് പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം ഇയാളെ വളയുകയായിരുന്നു. പിടിച്ചെടുത്ത തുക ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു.