തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇനി ‘വിസില്‍’ മുഴങ്ങും; വിജയ്‌യുടെ ടിവികെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി; കമല്‍ ഹാസന്റെ പാര്‍ട്ടിക്കും ചിഹ്നമായി

Jaihind News Bureau
Thursday, January 22, 2026

 

ചെന്നൈ: നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. ‘വിസില്‍’ ആണ് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത്. ഇതോടെ വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്യുടെ സ്ഥാനാര്‍ഥികള്‍ വിസില്‍ ചിഹ്നത്തിലാകും ജനവിധി തേടുക.

കഴിഞ്ഞ വര്‍ഷം നവംബര്‍ 11-നാണ് ചിഹ്നം ആവശ്യപ്പെട്ട് ടിവികെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ലഭ്യമായ ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത ഏഴ് എണ്ണവും പാര്‍ട്ടി സ്വന്തമായി രൂപകല്പന ചെയ്ത മൂന്ന് ചിഹ്നങ്ങളും ഉള്‍പ്പെടെ പത്തോളം ഓപ്ഷനുകളാണ് പാര്‍ട്ടി നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് ‘വിസില്‍’ കമ്മിഷന്‍ അംഗീകരിച്ചത്.

അതേസമയം, കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിനും (എംഎന്‍എം) തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചു. ‘ബാറ്ററി ടോര്‍ച്ച്’ ആണ് പാര്‍ട്ടിയുടെ ചിഹ്നം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തിലാണ് കമല്‍ഹാസന്റെ പാര്‍ട്ടി മത്സരിച്ചിരുന്നത്. ഇത്തവണയും പഴയ ചിഹ്നം തന്നെ നിലനിര്‍ത്താന്‍ കമ്മിഷന്‍ അനുമതി നല്‍കുകയായിരുന്നു.