
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന ‘പുതുയുഗയാത്ര’ മലപ്പുറം ജില്ലയില്‍ വന്‍ വിജയമാക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 13, 14 തീയതികളിലാണ് യാത്ര ജില്ലയില്‍ പര്യടനം നടത്തുന്നത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് യാത്രയെ സംബന്ധിച്ച സ്വീകരണ പരിപാടികള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും രൂപം നല്‍കിയത്.
സ്വീകരണ കേന്ദ്രങ്ങള്‍
ഫെബ്രുവരി 13-ന് രാവിലെ 09:30-ന് കൊണ്ടോട്ടിയില്‍ നിന്നാണ് ജില്ലയിലെ സ്വീകരണ പരിപാടികള്‍ക്ക് തുടക്കമാകുന്നത്.
ഫെബ്രുവരി 13: അരീക്കോട് (02:30 PM), നിലമ്പൂര്‍ (03:30 PM), വണ്ടൂര്‍ (04:30 PM), മഞ്ചേരി (05:30 PM). ആദ്യദിനത്തിലെ സമാപന സ്വീകരണം വൈകുന്നേരം 06:30-ന് മലപ്പുറത്ത് നടക്കും. മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ഈ സംഗമത്തില്‍ അണിനിരക്കും.
ഫെബ്രുവരി 14: വേങ്ങര (10:00 AM), പടിക്കല്‍ (11:00 AM), തിരൂരങ്ങാടി (03:00 PM), താനൂര്‍ (04:00 PM), തിരൂര്‍ (05:00 PM). ജില്ലയിലെ രണ്ടാം ദിന പര്യടനം വൈകുന്നേരം 06:00-ന് എടപ്പാളില്‍ സമാപിക്കും. എടപ്പാളിലെ സമാപന സമ്മേളനത്തില്‍ കോട്ടക്കല്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും.
വിപുലമായ ഒരുക്കങ്ങള്‍
യാത്രയുടെ വിജയത്തിനായി നിയോജകമണ്ഡലം തലങ്ങളില്‍ ജനുവരി 27 മുതല്‍ 30 വരെ കണ്‍വെന്‍ഷനുകള്‍ നടക്കും.
ജനുവരി 27: വള്ളിക്കുന്ന്, ഏറനാട്.
ജനുവരി 29: പൊന്നാനി, തിരൂരങ്ങാടി.
ജനുവരി 30: കോട്ടക്കല്‍, വേങ്ങര, മലപ്പുറം, കൊണ്ടോട്ടി, മങ്കട, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍, തവനൂര്‍, തിരൂര്‍.
ഫെബ്രുവരി 2-നകം പഞ്ചായത്ത്-മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും ഫെബ്രുവരി 10-നകം ബൂത്ത് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കും. കൂടാതെ, ഫെബ്രുവരി 1-ന് മലപ്പുറത്തും ഫെബ്രുവരി 2-ന് എടപ്പാളിലും മേഖലാ സ്വാഗതസംഘം യോഗങ്ങള്‍ ചേരും. യു.ഡി.എഫ് ജില്ലാ ചെയര്മാന് പി.ടി. അജയ്മോഹന് അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി സെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് കോക്കൂര്‍, കെ.പി. അബ്ദുല്‍ മജീദ്, ഇസ്മായില്‍ മൂത്തേടം തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.