
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ജാമ്യം അനുവദിക്കണമെന്ന വാസുവിന്റെ അപ്പീൽ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളി. ‘നിങ്ങൾ ദൈവത്തെ കൊള്ളയടിച്ചില്ലേ?’ എന്ന സുപ്രീം കോടതിയുടെ രൂക്ഷമായ ചോദ്യം കേസിൽ വാസുവിന്റെ പങ്ക് എത്രത്തോളം ഗൗരവകരമാണെന്നതിന്റെ സൂചനയായി. താൻ കേവലം ഒരു കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി അംഗീകരിച്ചില്ല.
നിലവിൽ 72 ദിവസമായി ജയിലിൽ കഴിയുന്ന എൻ. വാസു, തന്റെ പ്രായവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചു ജാമ്യം നൽകണമെന്ന് കോടതിയിൽ അപേക്ഷിച്ചിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന വാദവും അദ്ദേഹം ഉയർത്തി. എന്നാൽ, ശബരിമലയിലെ ദ്വാരപാലക പീഠത്തിലെയും ശ്രീകോവിൽ കട്ടിളയിലെയും സ്വർണ്ണം കവർന്ന കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
ശ്രീകോവിൽ കട്ടിളയിലെയും വിഗ്രഹങ്ങളിലെയും സ്വർണ്ണത്തിന്റെ അളവ് കുറച്ച് കാണിക്കാനും രേഖകളിൽ ‘ചെമ്പ് പാളികൾ’ എന്ന് കൃത്രിമം കാണിക്കാനും എൻ. വാസു നേരിട്ട് നിർദ്ദേശം നൽകിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണം പൂശുന്ന പ്രവൃത്തികളിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയതിന് പിന്നിൽ വാസുവിന്റെ കരങ്ങളുണ്ടെന്നാണ് മൊഴികൾ സൂചിപ്പിക്കുന്നത്.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അന്വേഷണവും വാസുവിനെതിരെ മുറുകുകയാണ്. കവർച്ചയിലൂടെ ലഭിച്ച പണം ഉന്നത ഉദ്യോഗസ്ഥരിലേക്കും ബോർഡ് അംഗങ്ങളിലേക്കും എത്തിയോ എന്ന് ഇഡി പരിശോധിക്കുന്നുണ്ട്. എൻ. വാസുവിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതി അപ്പീൽ നിരസിച്ചത്.