‘യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി; നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിമർശനം; കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷം

Jaihind News Bureau
Thursday, January 22, 2026

യുഡിഎഫ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കും അതൃപ്തിക്കും വഴിതെളിക്കുന്നു. യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകാത്തത് പാർട്ടിക്കു തിരിച്ചടിയാകുമെന്ന് കേരള കോൺഗ്രസ് (എം) യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ തുറന്നടിച്ചു. മുന്നണി മാറ്റത്തിന് അനുകൂലമായ ഉചിതമായ സാഹചര്യം വന്നെത്തിയിട്ടും അത് പ്രയോജനപ്പെടുത്തുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടുവെന്നാണ് ഉയർന്നു വന്ന പ്രധാന വിമർശനം. മുന്നണി മാറ്റം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന അഭ്യൂഹങ്ങൾ പാർട്ടിക്ക് പൊതുമധ്യത്തിൽ നാണക്കേടുണ്ടാക്കിയെന്നും ചില അംഗങ്ങൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നേതാക്കൾ തങ്ങളുടെ വിയോജിപ്പുകൾ പരസ്യമാക്കിയത്.

കേരള കോൺഗ്രസ് (എം) പാർട്ടിക്കുള്ളിൽ രാഷ്ട്രീയമായ വലിയൊരു പൊട്ടിത്തെറിയുടെ സൂചനകളാണ് പുറത്തുവരുന്നത്. യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾ പാർട്ടിക്കുള്ളിൽ വ്യക്തമായ ചേരിതിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.