
ആവേശകരമായ ആദ്യ ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 49 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കിവികള്‍ക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് അടിത്തറ പാകിയത്. വെറും 35 പന്തുകളില്‍ നിന്ന് 5 സിക്സറുകളും 8 ഫോറുകളുമടക്കം 84 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് (32), ഹാര്‍ദിക് പാണ്ഡ്യ (25) എന്നിവര്‍ പിന്തുണ നല്കിയപ്പോള് അവസാന ഓവറുകളില്‍ റിങ്കു സിംഗ് തകര്‍ത്തടിച്ചു. 20 പന്തില്‍ നിന്ന് 44 റണ്‍സുമായി റിങ്കു പുറത്താകാതെ നിന്നു. സഞ്ജു സാംസണ് (10), ഇഷാന് കിഷന് (8) എന്നിവര്‍ നിരാശപ്പെടുത്തി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്സ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 40 പന്തില്‍ 78 റണ്‍സ് നേടിയ ഫിലിപ്സാണ് കിവി നിരയിലെ ടോപ്പ് സ്കോറര്‍. മാര്‍ക്ക് ചാപ്മാന് (39), ഡാരില്‍ മിച്ചല്‍ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ മറികടക്കാനായില്ല. 11.5 ഓവറില്‍ 110/3 എന്ന ശക്തമായ നിലയിലായിരുന്ന കിവികള്‍ക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മികച്ച രീതിയില്‍ പന്തെറിഞ്ഞു. ശിവം ദുബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച റായ്പൂരില്‍ വെച്ച് നടക്കും.