ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിനും മുരാരി ബാബുവിനും ജാമ്യമില്ല; ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി, ഗോവര്‍ധനും പുറത്തിറങ്ങാനാവില്ല

Jaihind News Bureau
Wednesday, January 21, 2026

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ നാഗ ഗോവര്‍ധന്‍ എന്നിവരുടെ അപേക്ഷകളാണ് ജസ്റ്റിസ് എ. ബദറുദീന്‍ ഇന്ന് തള്ളിയത്. തങ്ങള്‍ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നും അഴിമതിയില്‍ പങ്കില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. സ്വര്‍ണ്ണം അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തപ്പെട്ടോ എന്നതടക്കമുള്ള ഗൗരവകരമായ അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിധി.

അതിനിടെ, കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയാക്കിയ ഒന്നാം പ്രതിയും സ്‌പോണ്‍സറുമായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്‍പി കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കേരളം വിട്ടുപോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് പ്രധാന ജാമ്യവ്യവസ്ഥകള്‍. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശില്‍പക്കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തല്‍ക്കാലം ജയിലിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. കട്ടിളപ്പാളി കേസില്‍ ഇയാള്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ ഫെബ്രുവരി ഒന്നിന് 90 ദിവസം പൂര്‍ത്തിയാകുന്നതോടെ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. കേസില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് പ്രതികള്‍ പരാമര്‍ശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.