
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇഡി, പ്രതി മുരാരി ബാബുവിന്റെ വീട്ടില്‍ നടത്തിവന്ന പരിശോധന പൂര്‍ത്തിയാക്കി. 13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ പരിശോധനയ്ക്കൊടുവില്‍ നിര്‍ണ്ണായക രേഖകളുമായി ഇഡി സംഘം മടങ്ങി.
മുരാരി ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആസ്തി രേഖകള്‍, ആഡംബര വാഹനങ്ങളുടെ രേഖകള്‍, വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവയെല്ലാം ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകള്‍ വരും ദിവസങ്ങളില്‍ വിശദമായി പരിശോധിക്കും.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലൂടെ നേടിയ പണം എവിടെയെല്ലാം നിക്ഷേപിച്ചു എന്ന് കണ്ടെത്താനായി ‘ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ’ എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലായി ഇഡി റെയ്ഡ് തുടരുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം മിന്നല്‍ പരിശോധന നടക്കുന്നത്.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി എന്നിവരുടെ വസതികളിലും ഇഡി സംഘം മണിക്കൂറുകളോളമായി പരിശോധന തുടരുകയാണ്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ നാല് വിഭാഗങ്ങളിലും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി രേഖകള്‍ ശേഖരിച്ചു. കേസില്‍ നിലവില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് പുറമെ, പ്രധാന സാക്ഷികളുടെ വീടുകളിലും ഇഡി സംഘം എത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ വെളുപ്പിക്കലിന്റെ പൂര്‍ണ്ണ വ്യാപ്തി പുറത്തുകൊണ്ടുവരികയാണ് ഈ പരിശോധനയിലൂടെ ഇഡി ലക്ഷ്യമിടുന്നത്.