യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ജെന്‍സികളുടെ ആശങ്കകള്‍ അകറ്റും: കെ സി വേണുഗോപാല്‍

Jaihind News Bureau
Tuesday, January 20, 2026

കാസര്‍കോട്: ജെന്‍സികളുടെ ആശങ്കകള്‍ അകറ്റുന്ന ഗവണ്‍മെന്റാകും വരാന്‍ പോകുന്ന യുഡിഎഫ് ഗവണ്‍മെന്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പെടുത്തി ജെന്‍സി മാനിഫെസ്റ്റോ യുഡിഎഫിന് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ജെന്‍സി കണക്ട് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ജെന്‍സി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എല്‍.സി ,ഹയര്‍ സെക്കന്‍ണ്ടറി ക്ലാസുകളില്‍ വിജയിക്കുന്ന കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കുന്നോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കാലം മാറുന്നതനുസരിച്ച് വിദ്യാഭ്യാസ രീതികളും മാറണം. വിദേശ രാജ്യങ്ങളില്‍ പഠനം ആകര്‍ശകമാക്കുന്നത് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിയുമ്പോഴാണ്. ഐഐറ്റി, ഐഐഎം പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടക്കുന്ന പീഢനങ്ങളില്‍ വിധേയരാകുന്നത് പിന്നോക്ക, ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നും രോഹിത് വെമൂല ആക്ട് കര്‍ണ്ണാടക, തെലുങ്കാന ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതായും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. കേരളത്തില്‍ അര്‍ഹതപ്പെട്ടവരെ മാറ്റി നിര്‍ത്തി പിന്‍വാതില്‍ നിയമനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്തെന്നും കെ.സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. കെ ഫൈസല്‍, എന്‍.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖ ബൂസ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍, ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രവാസ് ഉണ്ണിയാടന്‍, റഹ്‌മത്തുള്ള, ഹക്കീം കുന്നേല്‍, മനാഫ് നുള്ളിപ്പാടി എന്നിവര്‍ പ്രസംഗിച്ചു.