‘ചാണക കുഴിയില്‍ വീണുപോയാല്‍ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല’; സജി ചെറിയാന് മറുപടിയുമായി മലപ്പുറം ഡിസിസി പ്രസിഡന്റ്

Jaihind News Bureau
Tuesday, January 20, 2026

മലപ്പുറത്തെ ജനവിധി വര്‍ഗീയ ധ്രുവീകരണമാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് കൃത്യമായ കണക്കുകള്‍ നിരത്തി മറുപടിയുമായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. മലപ്പുറത്തെ മതേതരത്വത്തിന്റെ നേര്‍ചിത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ യുഡിഎഫ് ബാനറില്‍ വിജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666 ആണ്. ഇതില്‍ 319 പേരും അമുസ്ലിം സഹോദരങ്ങളാണ്. 1456 ജനപ്രതിനിധികളെ വിജയിപ്പിച്ച മുസ്ലിം ലീഗില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി ഉള്‍പ്പെടെ 153 പേര്‍ അമുസ്ലിംഗളാണ്. യുഡിഎഫ് ബാനറില്‍ മാത്രം മലപ്പുറത്ത് 472-ല്‍ അധികം അമുസ്ലിം സഹോദരങ്ങള്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ടെന്നും വി എസ് ജോയ് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു. ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാന്‍ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതില്‍ അത്ഭുതമില്ല എന്ന് വി.എസ്. ജോയ് പരിഹസിച്ചു. ചാണകക്കുഴിയില്‍ വീണവരില്‍ നിന്ന് ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.