=
=മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങളിൽ സി.പി.എം കേന്ദ്ര നേതൃത്വം ശക്തമായ അതൃപ്തി രേഖപ്പെടുത്തി. മന്ത്രിയുടെ വാക്കുകൾ പാർട്ടിയെ രാഷ്ട്രീയമായി ദുർബലമാക്കിയെന്നും പൊതുസമൂഹത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സജി ചെറിയാൻ തുടർച്ചയായി നടത്തുന്ന ഇത്തരം പ്രസ്താവനകൾ പാർട്ടിയെയും സർക്കാരിനെയും അനാവശ്യമായ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണെന്ന് പാർട്ടി നേതൃത്വം നിരീക്ഷിക്കുന്നു.
വിവാദം കത്തിപ്പടർന്നിട്ടും തന്റെ നിലപാടിനെ ന്യായീകരിക്കാൻ മന്ത്രി ശ്രമിച്ചത് വീഴ്ചയുടെ ആഴം വർധിപ്പിച്ചുവെന്നാണ് സി.പി.എം വിലയിരുത്തൽ. ഗൗരവകരമായ ഈ സാഹചര്യത്തിൽ വിവാദ പരാമർശം ഉടൻ തിരുത്താൻ മന്ത്രിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ സഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, പ്രതിപക്ഷത്തിന് ആയുധം നൽകുന്ന രീതിയിലുള്ള മന്ത്രിയുടെ പ്രസ്താവനകൾ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.