‘അടുത്തത് ജനങ്ങളുടെ യുഡിഎഫ് സര്‍ക്കാര്‍; കേരളത്തിന്റെ ശബ്ദം മഹാശബ്ദമാകും’; കൊച്ചിയില്‍ ആവേശം വിതറി രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, January 19, 2026

 

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്ര വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ മുന്നോടിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൈയെത്തും ദൂരത്തുള്ള യുഡിഎഫ് സര്‍ക്കാരായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ബിജെപിയും ആര്‍എസ്എസും തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്തിന്റെ സമ്പത്തും അഭിമാനവും ഏതാനും കോര്‍പ്പറേറ്റുകളിലേക്ക് ഒതുക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഇതിനായി ഇന്ത്യയുടെ ജനാധിപത്യത്തെ നിശബ്ദമാക്കാന്‍ അവര്‍ ശ്രമിക്കുന്നു. എന്നാല്‍ മലയാളിയുടെയും കേരളത്തിന്റെയും ശബ്ദത്തെ നിശബ്ദമാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒരു ‘മഹാശബ്ദമായി’ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ യുവജനങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയെക്കുറിച്ച് രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ജോലി ലഭിക്കാത്തതിനാല്‍ നാടുവിടുകയാണ്. വിദേശത്തേക്ക് പോകുന്നത് നിര്‍ബന്ധിതമായ ഒരു അവസ്ഥയാകരുത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്നതാണ് പ്രധാനം. തൊഴിലില്ലായ്മ പരിഹരിക്കാന്‍ വ്യക്തമായ പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വെക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ ഭരണഘടനയായിരിക്കണം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും പ്രവര്‍ത്തന മൂലധനമെന്ന് രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. കേരളവുമായുള്ള തന്റെ ബന്ധം കേവലം രാഷ്ട്രീയമല്ല, അത് ഹൃദയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനും യുഡിഎഫിനും അദ്ദേഹം എല്ലാ വിജയാശംസകളും നേര്‍ന്നു.