സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കെപിസിസി പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, January 19, 2026

കൊച്ചി: കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ചു. എറണാകുളം തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പുരസ്‌കാരം കൈമാറിയത്.

മുന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായ സമിതിയാണ് ലീലാവതിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ചടങ്ങില്‍ കെപിസിസി ഭാരവാഹികള്‍ അധ്യക്ഷത വഹിച്ചു.

പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. എല്ലാവര്‍ക്കും ഊര്‍ജ്ജം നല്‍കുന്ന ജീവിതമാണ് ലീലാവതിയുടേതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘രാജ്യമെങ്ങും നിശബ്ദതയുടെ സംസ്‌കാരം വ്യാപിച്ചിരിക്കുകയാണ്. എതിര്‍ക്കേണ്ട കാര്യങ്ങളില്‍ പോലും ശബ്ദമുയരുന്നില്ല. ഈ നിശബ്ദതയുടെ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ആര്‍ത്തിയുടെ രാഷ്ട്രീയമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിച്ച എം. ലീലാവതി ടീച്ചര്‍ തന്റെ സന്തോഷം പങ്കുവെച്ചു. ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നടത്തിയ ത്യാഗങ്ങളെയും അവരുടെ മതേതര നിലപാടുകളെയും ടീച്ചര്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കൈകളില്‍ രാജ്യം സുരക്ഷിതമാണെന്ന് താന്‍ വിശ്വസിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം, പുരസ്‌കാര തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് കൈമാറുന്നതായും അവര്‍ പ്രഖ്യാപിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ദീപ ദാസ് മുന്‍ഷി, ഹൈബി ഈഡന്‍ എം.പി തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.