
കേരളത്തിന്റെ മതേതര മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന. ജനവിധിയെ വര്‍ഗീയവല്‍ക്കരിക്കുന്ന സിപിഎം തന്ത്രത്തിന്റെ ഭാഗമാണത്. യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തെ കേവലം വര്‍ഗീയ ധ്രുവീകരണമായി ചിത്രീകരിക്കുന്നത് ആ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ അവഹേളിക്കലാണ്.
തിരഞ്ഞെടുപ്പ് തോല്‍വികളെ ന്യായീകരിക്കാന്‍ സിപിഎം എന്നും ‘താത്വിക കാരണങ്ങള്‍ കണ്ടെത്തും. വോട്ട് ലഭിച്ചാല്‍ അത് ‘പുരോഗമന രാഷ്ട്രീയവും’, മറിച്ച് യുഡിഎഫിന് വോട്ട് ലഭിച്ചാല്‍ അത് ‘വര്‍ഗീയതയുമാണ്’ എന്ന വിചിത്രമായ വാദമാണത്. മലപ്പുറത്തെയും കാസര്‍കോട്ടെയും ജനങ്ങള്‍ കാലങ്ങളായി യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്നവരാണ്. എന്നാല്‍, സജി ചെറിയാന്റെ പ്രസ്താവനയിലൂടെ സിപിഎം ശ്രമിക്കുന്നത് ഈ ജനവിഭാഗത്തെ അപരവല്‍ക്കരിക്കാനാണ് . ബിജെപി ദേശീയ തലത്തില്‍ നടത്തുന്ന അതേ വിഭജന തന്ത്രമാണ് കേരളത്തില്‍ സിപിഎം പയറ്റുന്നത്. ‘മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ യുഡിഎഫ് ജയിക്കുന്നത് അപകടകരമാണ്’ എന്ന ധ്വനി ഉണ്ടാക്കുന്നതിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമോ എന്ന സിപിഎമ്മിന്റെ ഗൂഢാലോചനയായി വേണം ഇതിനെ കാണാന്‍. സംഘപരിവാര്‍ ഉന്നയിക്കുന്ന അതേ നേറേറ്റീവുകള്‍ സിപിഎം മന്ത്രിമാര്‍ ഏറ്റുപിടിക്കുന്നത് അപകടകരമായ പ്രവണതയാണ്.
കോണ്‍ഗ്രസ് എന്നും നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ്. കാസര്‍കോട്ടും മലപ്പുറത്തും മാത്രമല്ല, കേരളത്തിലുടനീളം എല്ലാ മതവിഭാഗങ്ങളുടെയും വോട്ട് നേടിയാണ് യുഡിഎഫ് വിജയിച്ചത്. ഭരണപരാജയങ്ങളെ മറച്ചുവെക്കാന്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന സിപിഎമ്മിന്റെ ഈ ‘വിഭജന സിദ്ധാന്തം’കേരളീയ സമൂഹം തള്ളിക്കളയേണ്ടതുണ്ട്.