
തൃശൂര്‍: കേരളത്തിന്റെ കൗമാര കലാമാമാങ്കത്തിന് തൃശൂരില്‍ ആവേശകരമായ സമാപനം. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ കലോത്സവ വേദിയെയും പ്രതിഭകളെയും അഭിനന്ദിച്ചു. വടക്കുംനാഥനെ വണങ്ങി പ്രസംഗം ആരംഭിച്ച അദ്ദേഹം, കലോത്സവം വെറുമൊരു മത്സരമല്ലെന്നും അതൊരു വലിയ ഉത്സവമാണെന്നും ഓര്‍മ്മിപ്പിച്ചു.
സമ്മാനങ്ങള്‍ നേടാന്‍ കഴിയാത്തവര്‍ മോശക്കാരാകുന്നില്ലെന്നും കലോത്സവം നല്കുന്ന തിരിച്ചറിവ് കൂട്ടായ്മയുടേതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മഞ്ജു വാര്യര്‍, നവ്യ നായര്‍ തുടങ്ങിയ പ്രതിഭകളെ സിനിമയ്ക്ക് സമ്മാനിച്ചത് ഈ വേദിയാണെന്ന് അദ്ദേഹം സ്മരിച്ചു. കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം വേദിയില്‍ മീശ പിരിച്ചും കൈത്തറി വസ്ത്രത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചും ലാലേട്ടന് സദസ്സിനെ കയ്യിലെടുത്തു. കലോത്സവത്തിനായി വലിയ ഒരുക്കങ്ങള്‍ നടത്തുന്ന സര്‍ക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ വേദിയില്‍ വെച്ച് പ്രത്യേകം അഭിനന്ദിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയാതിരുന്ന കാസര്‍ഗോട്ടെ സിയ ഫാത്തിമയ്ക്ക് വേണ്ടി കലോത്സവ ചട്ടം ഭേദഗതി ചെയ്ത മന്ത്രിയുടെ നടപടിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി മത്സരത്തില്‍ പങ്കെടുക്കാന്‍ സിയയ്ക്ക് അവസരം നല്‍കിയത് വലിയ മാനുഷിക മൂല്യമുള്ള തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യുവതലമുറ വിദേശത്തേക്ക് പോകരുതെന്നും കേരളം വൃദ്ധസദനമാക്കരുതെന്നും പറഞ്ഞ അദ്ദേഹം കലോത്സവ വേദികള്‍ തനിക്ക് നല്‍കുന്നത് വലിയ ഗൃഹാതുരത്വ ഓര്‍മ്മകളാണെന്നും പങ്കുവെച്ചു.