
ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിനുള്ളിലെ ശൗചാലയത്തില്‍ നിന്ന് ഭീഷണി സന്ദേശമടങ്ങിയ ടിഷ്യു പേപ്പര്‍ കണ്ടെത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായത്.
ഇന്ന് രാവിലെ 8:46-ഓടെയാണ് ഭീഷണി സംബന്ധിച്ച വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിക്കുന്നത്. ഇന്‍ഡിഗോയുടെ 6E 6650 വിമാനം ഉടന്‍ തന്നെ ലഖ്‌നൗ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയും 9:17-ഓടെ സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 230 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ടിഷ്യു പേപ്പറില്‍ കൈപ്പടയില്‍ എഴുതിയ സന്ദേശമാണ് ടോയ്ലറ്റിനുള്ളില്‍ നിന്ന് ലഭിച്ചത്. ലാന്‍ഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ബോംബ് ഡിസ്പോസല്‍ സ്‌ക്വാഡും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും വിമാനത്തില്‍ വിശദമായ പരിശോധന തുടരുകയാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായും അധികൃതരുമായി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു.