പട്ടാമ്പിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; മലബാര്‍ മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു, യാത്രക്കാര്‍ ദുരിതത്തില്‍

Jaihind News Bureau
Sunday, January 18, 2026

പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് കോഴിക്കോട് – ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. മംഗളൂരുവില്‍ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഒരു ബോഗിയുടെ ചക്രം പാളത്തിന് പുറത്തേക്ക് തള്ളുകയായിരുന്നു. പാളം തെറ്റിയ ബോഗികള്‍ പിന്നീട് തിരിച്ചുകയറ്റിയെങ്കിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്-പാലക്കാട് സ്‌പെഷ്യല്‍ എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം വൈകി. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മുംബൈ എല്‍.ടി.ടി – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ്, മംഗളൂരു – ഏറനാട് എക്‌സ്പ്രസ് എന്നിവ രണ്ട് മണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. ചെന്നൈ എഗ്മോര്‍ – മംഗളൂരു എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി.

പെട്ടെന്നുണ്ടായ സമയക്രമത്തിലെ മാറ്റം ഓഫീസുകളിലേക്കും ദൂരസ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരെയാണ് വലച്ചത്. റെയില്‍വേ സാങ്കേതിക വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വരികയാണ്.