
വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയ ശക്തികളുമായുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് വെട്ടേറ്റ് മരിച്ചാൽ വീരാളിപ്പട്ട് പുതച്ചു കിടക്കാൻ തയ്യാറാണെന്നും, ഒരിക്കലും ഭീരുവിനെപ്പോലെ പിന്നിലേക്ക് ഓടില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനത കോൺഗ്രസിനൊപ്പമാണെന്നും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ കോൺഗ്രസ് മുൻനിരയിൽ നിന്ന് പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനം
വർഗീയത പറയുന്ന വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച് സ്വീകരിച്ച മുഖ്യമന്ത്രിക്ക് മതേതരത്വത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് സതീശൻ ചോദിച്ചു. മുൻപ് സംഘപരിവാർ പയറ്റിയിരുന്ന അതേ ഭിന്നിപ്പിക്കൽ തന്ത്രമാണ് ഇപ്പോൾ സിപിഎമ്മും കേരളത്തിൽ നടപ്പിലാക്കുന്നത്. മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ എ.കെ. ബാലൻ നടത്തിയ പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ ആരുടെയും ഉപകരണമായി മാറരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഡിഎഫ് ഒറ്റക്കെട്ട്
വർഗീയതയ്ക്കെതിരായ നിലപാടിൽ കോൺഗ്രസ് ഒരിക്കലും വെള്ളം ചേർക്കില്ല. മുസ്ലിം ലീഗും കോൺഗ്രസും ഇക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. ‘ടീം യുഡിഎഫ്’ എന്ന നിലയിൽ ഒറ്റക്കെട്ടായാണ് മുന്നണി മുന്നോട്ട് പോകുന്നതെന്നും, മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.