
തിരക്കുകൾക്കിടയിലും വായനയെ നെഞ്ചോട് ചേർക്കുന്ന തന്റെ ശീലം വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2025-ൽ താൻ വായിച്ചുതീർത്ത 60 പുസ്തകങ്ങളുടെ പട്ടിക അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. തദ്ദേശ തിരഞ്ഞെടുപ്പും രാഷ്ട്രീയ യാത്രകളും നിറഞ്ഞ തിരക്കേറിയ വർഷമായിരുന്നിട്ടും, 20 ഇംഗ്ലീഷ് പുസ്തകങ്ങളടക്കം ഇത്രയധികം കൃതികൾ വായിക്കാൻ സാധിച്ചത് വലിയ സന്തോഷവും ഊർജ്ജവുമാണ് നൽകുന്നതെന്ന് അദ്ദേഹം കുറിച്ചു.
ആഗ്രഹിച്ച എല്ലാ പുസ്തകങ്ങളും വായിക്കാൻ സാധിച്ചില്ലെങ്കിലും, അറിവിന്റെയും ആനന്ദത്തിന്റെയും പുതിയ ലോകങ്ങൾ തുറന്നുനൽകിയ എഴുത്തുകാരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുസ്തക വായനയ്ക്ക് പുറമെ നിരവധി കൃതികളുടെ പ്രകാശന കർമ്മങ്ങളിലും അദ്ദേഹം പങ്കാളിയായി. വായനക്കാർക്ക് പുതിയ പുസ്തകങ്ങൾ നിർദ്ദേശിക്കാനും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.