ജോസ് കെ മാണിയെ പിടിച്ചുവെക്കാന്‍ ‘മാണി സ്മാരകം’; സിപിഐ നേതാക്കളെ മറന്ന് സര്‍ക്കാര്‍; കാനത്തിന്റെയും ബലറാമിന്റെയും സ്മാരകങ്ങള്‍ ഫയലിലുറങ്ങുന്നു

Jaihind News Bureau
Saturday, January 17, 2026

തിരുവനന്തപുരം: ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐയുടെ മുന്‍കാല നേതാക്കള്‍ക്ക് സ്മാരകം പണിയാന്‍ ഭൂമി അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുകയാണ്. അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കാനം രാജേന്ദ്രന്‍, എന്‍.ഇ. ബലറാം എന്നിവരുടെ സ്മാരകങ്ങള്‍ക്കായി നല്‍കിയ അപേക്ഷകളിലാണ് സര്‍ക്കാര്‍ ഇനിയും തീരുമാനമെടുക്കാത്തത്. അതേസമയം, കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ കവടിയാറില്‍ ഭൂമി അനുവദിച്ച നടപടി സിപിഐയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

കാനം രാജേന്ദ്രന്റെ സ്മാരകമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ഒരു വൃദ്ധസദനം നിര്‍മ്മിക്കാനാണ് സിപിഐ ലക്ഷ്യമിടുന്നത്. ഇതിനായി ഭൂമി കണ്ടെത്തിയെങ്കിലും ആരോഗ്യ വകുപ്പില്‍ നിന്നുള്ള നിരാക്ഷേപപത്രം ലഭിക്കാത്തതാണ് പ്രധാന തടസ്സം. എന്‍ഒസി ലഭിച്ചാല്‍ മാത്രമേ റവന്യൂ വകുപ്പിന് ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ സാധിക്കൂ. മുന്‍ വ്യവസായ മന്ത്രിയും രാജ്യസഭാംഗവുമായിരുന്ന എന്‍.ഇ. ബലറാമിന്റെ സ്മാരകത്തിനായുള്ള ഭൂമി കണ്ടെത്താന്‍ പോലും സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വന്തം വകുപ്പായിട്ടും ഭൂമി അനുവദിക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.

സിപിഐയുടെ അപേക്ഷകള്‍ ഫയലുകളില്‍ ഉറങ്ങുമ്പോള്‍, കെ.എം. മാണി സ്മാരകത്തിനായി തിരുവനന്തപുരം കവടിയാര്‍ വില്ലേജില്‍ 25 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. ജല അതോറിറ്റി ആസ്ഥാനം സ്ഥിതി ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ഭൂമി, ആര്‍ ഒന്നിന് വെറും 100 രൂപ നിരക്കിലാണ് 30 വര്‍ഷത്തേക്ക് അനുവദിച്ചത്. ജലവിഭവ വകുപ്പ് വെറും രണ്ട് മാസം കൊണ്ട് ഇതിനാവശ്യമായ എന്‍ഒസി നല്‍കുകയും ചെയ്തു.

മുന്നണി രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ നോക്കി കേരള കോണ്‍ഗ്രസിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍, പാര്‍ട്ടി കെട്ടിപ്പടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാക്കളെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ സിപിഐ അണികള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നുണ്ട്. എങ്കിലും പരസ്യമായ പ്രതികരണത്തിന് മുതിരാതെ പരിഭവം ഉള്ളിലൊതുക്കുകയാണ് പാര്‍ട്ടി നേതൃത്വം.