
മതേതരത്വം എന്നത് കേവലം പ്രസംഗിക്കാനുള്ളതല്ലെന്നും പ്രവൃത്തിയില്‍ കാപട്യം കാണിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന സന്ദേശവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.
ഒരു വശത്ത് മതേതരത്വം പറയുകയും മറുവശത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പൊന്നാടയിട്ട് സ്വീകരിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്ന് സതീശന് പറഞ്ഞു. വിദ്വേഷം പറയുന്നവരെ കാറില്‍ കയറ്റുന്നതില്‍ പ്രശ്നമില്ല, എന്നാല്‍ ഭരണാധികാരികള്‍ അത്തരം നിലപാടുകളില്‍ കാപട്യം കാണിക്കരുത്.
രാജ്യത്ത് ഒരു വിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ഭിന്നിപ്പുണ്ടാക്കി അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ എല്ലാവരും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശരി, മതേതര നിലപാടില്‍ നിന്ന് ഒരഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് സതീശന് വ്യക്തമാക്കി. ‘മതേതരത്വം വിട്ട് മറ്റൊരു നിലപാട് സ്വീകരിക്കില്ല എന്നതാണ് ഈ സമാപന വേദിയില്‍ ഞാന്‍ നല്കുന്ന ഉറപ്പ്,’ – അദ്ദേഹം പറഞ്ഞു. കേരള യാത്ര ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെ സന്ദേശം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും വിഭജന രാഷ്ട്രീയത്തെ മതേതര കേരളം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.