
മലയാള ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് 2024-ലെ ജെ.സി. ദാനിയേല്‍ പുരസ്‌കാരം ‘ഉര്‍വശി’ ശാരദയ്ക്ക് ലഭിച്ചിരിക്കുകയാണ്. കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ചലച്ചിത്ര ബഹുമതിയാണിത്. ആന്ധ്രപ്രദേശിലെ തെന്നാലിയില്‍ ജനിച്ച്, ഭാഷയുടെ അതിരുകള്‍ മായ്ച്ച് മലയാളികളുടെ പ്രിയപ്പെട്ട ‘ദുഃഖപുത്രി’യായി മാറിയ ശാരദയുടെ അഭിനയ ജീവിതം ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു വിസ്മയമാണ്.
മലയാളം മാതൃഭാഷയല്ലായിരുന്നിട്ടും കേരളീയ സ്ത്രീത്വത്തിന്റെ പകരക്കാരില്ലാത്ത മുഖമായി മാറിയ അപൂര്‍വം നടിയാണ് ശാരദ. മൂന്ന് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി ‘ഉര്‍വശി’ പട്ടം സ്വന്തമാക്കിയ ശാരദ, അഭിനയത്തിലെ മിതത്വവും സ്വാഭാവികതയും കൊണ്ട് ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. 1945 ജൂണ്‍ 25-ന് ആന്ധ്രപ്രദേശിലെ തെന്നാലിയിലാണ് സരസ്വതി ദേവി എന്ന ശാരദ ജനിച്ചത്. ബാല്യകാലത്ത് തന്നെ നൃത്തം അഭ്യസിച്ച ശാരദ, നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. 1959-ല്‍ തെലുങ്ക് സിനിമയിലൂടെ സിനിമാരംഗത്തെത്തിയെങ്കിലും, ചരിത്രം ശാരദയെ കാത്തുവെച്ചത് മലയാള സിനിമയ്ക്ക് വേണ്ടിയായിരുന്നു.
1965-ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഇണപ്രാവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ശാരദ എന്ന നടിയുടെ തലവര മാറ്റിയത് വിന്‍സെന്റ് സംവിധാനം ചെയ്ത എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയിലുള്ള ‘മുറപ്പെണ്ണ്’ എന്ന ചിത്രമാണ്. ഇതിലെ ഭാഗീരഥി എന്ന കഥാപാത്രം ശാരദയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി. തുടര്‍ന്ന് 70-കളില്‍ മലയാള സിനിമയിലെ അനിവാര്യ സാന്നിധ്യമായി ശാരദ മാറി.സത്യന്‍, പ്രേം നസീര്‍, മധു എന്നിവരോടൊപ്പം അവര്‍ക്കു തുല്യമായ പ്രാധാന്യമുള്ള വേഷങ്ങളില്‍ അവര്‍ തിളങ്ങി.
പ്രധാനമായും ശാരദ അറിയപ്പെട്ടത് അവരുടെ ‘ട്രാജഡി’ വേഷങ്ങളിലൂടെയാണ്. കണ്ണീര്‍ നനവുള്ള, കുടുംബഭാരം ചുമലിലേറ്റുന്ന, നിസ്സഹായയായ സ്ത്രീ വേഷങ്ങള്‍ ശാരദയില്‍ ഭദ്രമായിരുന്നു. എന്നാല്‍ വെറും കരച്ചിലായിരുന്നില്ല അത്; സൂക്ഷ്മമായ ഭാവപ്രകടനങ്ങളിലൂടെ അവര്‍ പ്രേക്ഷകന്റെ മനസ്സ് തൊട്ടു. ‘ഇരുട്ടിന്റെ ആത്മാവ്’, ‘കുറ്റവാളി’, ‘അടിമകള്‍’, ‘ത്രിവേണി’, ‘യക്ഷി’, ‘മിണ്ടാപ്പെണ്ണ്’ തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ നാഴിക കല്ലുകളായി
ശാരദയെ ‘ഉര്‍വശി ശാരദ’ എന്ന് വിളിക്കാന്‍ കാരണമായത് അവര്‍ക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങളാണ്. മൂന്ന് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമായ ഉര്‍വശി അവാര്‍ഡ്) അവരെ തേടിയെത്തിയത് ശശികുമാര്‍ സംവിധാനം തുലാഭാരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചത്.ഇതിലെ വിജയ എന്ന കഥാപാത്രം മലയാളികള്‍ നെഞ്ചിലേറ്റി. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലെ സീത എന്ന കഥാപാത്രത്തിലൂടെ ശാരദ തന്റെ രണ്ടാമത്തെ ദേശീയ അവാര്‍ഡ് നേടി . തെലുങ്ക് ചിത്രമായ നിമജ്ജനത്തിലൂടെ 1977ല്‍ മൂന്നാം തവണയും ദേശീയ പുരസ്‌കാരം നേടി.
വാണിജ്യ സിനിമകളില്‍ തിളങ്ങി നില്‍ക്കുമ്പോഴും കലാമൂല്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ ശാരദ മടികാട്ടിയില്ല. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’, ‘എലിപ്പത്തായം’ എന്നീ ചിത്രങ്ങളിലെ ശാരദയുടെ വേഷങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ‘എലിപ്പത്തായ’ത്തിലെ രാജമ്മ എന്ന കഥാപാത്രം നിസ്സഹായതയുടെയും വിധേയത്വത്തിന്റെയും പാരമ്യമായിരുന്നു.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം സജീവമായിരുന്ന ശാരദ, തൊണ്ണൂറുകള്‍ക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ‘മഴത്തുള്ളിക്കിലുക്കം’, ‘രാപ്പകല്‍’, ‘തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ പുതിയ തലമുറയ്ക്കും അവരെ പ്രിയങ്കരിയാക്കി. മമ്മൂട്ടിയോടൊപ്പം ‘രാപ്പകലി’ല്‍ അഭിനയിച്ച സരസ്വതിയമ്മ എന്ന കഥാപാത്രം പ്രേക്ഷകരുടെ കണ്ണ് നനയിച്ച ഒന്നാണ്.
മലയാള സിനിമയുടെ പിതാവായ ജെ.സി.ദാനിയേലിന്റെ പേരിലുള്ള ഈ പുരസ്‌കാരം ശാരദയ്ക്ക് ലഭിക്കുമ്പോള്‍ അത് ചരിത്രപരമായ നീതിയാണ്. ഭാഷ കൊണ്ട് മലയാളിയല്ലെങ്കിലും, ഭാവം കൊണ്ട് ഏറ്റവും കൂടുതല്‍ മലയാളത്തനിമയുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചത് ശാരദയുടെ ആറു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ സപര്യയ്ക്കുള്ള ആദരമാണ് ഈ പുരസ്‌കാരം.