
ഡാക്ക: വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയില്‍ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മത്സരങ്ങള്‍ മറ്റൊരു വേദിയായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഉറച്ചുനില്‍ക്കുന്നു. ഇന്ത്യയിലെ നിലവിലെ സാഹചര്യം ബംഗ്ലാദേശ് താരങ്ങള്‍ക്ക് സുരക്ഷിതമല്ലെന്നും ഐസിസി വിഷയം ഗൗരവമായി കാണണമെന്നും ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ പറഞ്ഞു.
ഇന്ത്യയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ബംഗ്ലാദേശ് ചൂണ്ടിക്കാട്ടുന്നത് ഐപിഎല്ലിലെ സമീപകാല സംഭവങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. താരത്തിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന ബിസിസിഐയുടെ നിലപാട് തന്നെ ഇന്ത്യയിലെ അരക്ഷിതാവസ്ഥയ്ക്ക് തെളിവാണെന്ന് ആസിഫ് നസ്‌റുല്‍ ആരോപിച്ചു. മുസ്തഫിസുറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം നേരത്തെ നിരോധിച്ചിരുന്നു.
പാകിസ്ഥാനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ കളിക്കാന്‍ പോയിരുന്നില്ല. സമാനമായ രീതിയില്‍ ഒരു ‘ഹൈബ്രിഡ് മോഡല്‍’ ലോകകപ്പില്‍ വേണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. ടീമിന് മാത്രമല്ല, ഗാലറിയിലെത്തുന്ന ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്ത്യയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ ടീമിനെ വിദേശത്തേക്ക് അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ കൊല്‍ക്കത്തയിലും അവസാന മത്സരം മുംബൈയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ബംഗ്ലാദേശ് വിസമ്മതിക്കുകയും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാന്‍ ഐസിസി തയ്യാറാകാതിരിക്കുകയും ചെയ്താല്‍ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഐസിസിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.