
ലാഗോസ്: 31.5 കിലോഗ്രാം കൊക്കൈന്‍ കടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരായ 22 പേര് ഉള്‍പ്പെട്ട ചരക്ക് കപ്പല്‍ നൈജീരിയയില്‍ പിടിച്ചെടുത്തു. ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന കപ്പല്‍ നൈജീരിയ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി പിടിച്ചെടുത്തതായി ഫെമി ബബഫെമിയാണ് സ്ഥിരീകരിച്ചത്.
യൂറോപ്പിലേക്കും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നൈജീരിയ. കഴിഞ്ഞ നവംബറില്‍ ബ്രസീലില്‍ നിന്ന് ലാഗോസിലേക്ക് 20 കിലോഗ്രാം കൊക്കൈന്‍ കൊണ്ടുപോകാന്‍ ശ്രമിച്ച 20 ഫിലിപ്പീന് നാവികരെ നൈജീരിയ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി ഉണ്ടായതെന്നാണ് വിവരം.
ലാഗോസ് തീരത്ത് ആയിരം കിലോഗ്രാം കൊക്കൈന്‍ കണ്ടെത്തിയ മുന്‍ സംഭവത്തെ തുടര്‍ന്ന്, അമേരിക്കയുടെയും ബ്രിട്ടന്റെയും സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ചാണ് നൈജീരിയ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി തുടരുന്നത്. ഇതിന്റെ ഭാഗമായാണ് ലാഗോസ് തീരത്ത് തുടര്‍ച്ചയായ മയക്കുമരുന്ന് വേട്ടകള്‍ നടക്കുന്നതെന്നാണ് സൂചന.