
കെ.പി.സി.സി സംഘടിപ്പിച്ച ‘ലക്ഷ്യ’ ലീഡര്‍ഷിപ്പ് സമ്മിറ്റിന് കൗതുകവും ആവേശവും പകരുന്നതായി ഗാന്ധിവേഷം അണിഞ്ഞെത്തിയ ബത്തേരി സ്വദേശി മമ്മു. 80 വയസ്സ് പിന്നിട്ട മമ്മു, ഗാന്ധിജിയുടെ ശൈലിയിലുള്ള അനുഗ്രഹവചനങ്ങളോടെയാണ് ലക്ഷ്യ ക്യാമ്പിലെത്തിയ നേതാക്കളെ സ്വീകരിച്ചത്.
‘വയനാടന്‍ ഗാന്ധി’ എന്ന പേരില്‍ അറിയപ്പെടുന്ന മമ്മു, ഖാദി വസ്ത്രത്തില്‍, വടി കൈയ്യില്‍ പിടിച്ച്, ഗാന്ധിജിയുടെ ആത്മാവിനെ പുനര്‍ജീവിപ്പിക്കുന്ന ഭാവഭംഗികളോടെയാണ് ലക്ഷ്യ ദ്വിദിന ക്യാമ്പ് നടക്കുന്ന വേദിയില്‍ എത്തിയത്. രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും മറ്റുമായി മുന്നോട്ട് വന്നു. ഗാന്ധിജിയുടെ തത്വങ്ങളും മൂല്യങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മമ്മു ഓരോരുത്തരേയും ആശീര്‍വദിച്ചത്.
അഹിംസ, സത്യനിഷ്ഠ, ജനസേവനം എന്നീ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് ഇന്നും വളരെ പ്രസക്തിയുണ്ടെന്ന് മമ്മു ഓര്‍മ്മിപ്പിക്കുന്നു. വയനാട് ജില്ലയിലെ വിവിധ കോണ്‍ഗ്രസ് പരിപാടികളില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യമായ മമ്മു, ഗാന്ധിജിയുടെ വേഷത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ബോധവത്കരണം നടത്തുന്നതിലൂടെ ശ്രദ്ധേയനാണ്. പ്രായം ഒരിക്കലും സാമൂഹിക ഇടപെടലുകള്‍ക്ക് തടസ്സമാകില്ലെന്നതിന് ഉദാഹരണമാണ് ഈ വയനാടന്‍ ഗാന്ധി.