
ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന ദീര്‍ഘകാലമായുള്ള ആവശ്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു. വിവിധ ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി 27-ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്താനാണ് തീരുമാനം. നിലവില്‍ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. എല്ലാ ശനിയാഴ്ചകളും അവധി ദിനമാക്കി ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനമാക്കുക എന്നതാണ് പണിമുടക്കിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ക്കിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യൂണിയനുകളും തമ്മില്‍ ശനിയാഴ്ചകള്‍ അവധിയാക്കുന്ന കാര്യത്തില്‍ തത്വത്തില്‍ ധാരണയിലെത്തിയിരുന്നു. ശനിയാഴ്ചകള്‍ അവധിയാക്കുമ്പോള്‍ ബാങ്കിംഗ് സമയത്തില്‍ കുറവുണ്ടാകാതിരിക്കാന്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതം അറിയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഈ ധാരണ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
ജനുവരി അവസാന വാരത്തില്‍ ബാങ്കിംഗ് മേഖലയെ പണിമുടക്ക് സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ജനുവരി 24 നാലാം ശനിയാഴ്ചയും 25 ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിന അവധിയുമാണ്. ഇതിന് തൊട്ടുപിന്നാലെ 27-ന് പണിമുടക്ക് കൂടി എത്തുന്നതോടെ തുടര്‍ച്ചയായി നാല് ദിവസം പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. ഇടപാടുകാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ ബാങ്ക് മാനേജ്മെന്റും ലേബര്‍ കമ്മീഷണറും യൂണിയനുകളുമായി ചര്‍ച്ച നടത്തി സമരം ഒഴിവാക്കാന്‍ ശ്രമിച്ചേക്കും.